വേനല്‍ കടുത്തിരിക്കെ മണിയാര്‍ ജലസേചന പദ്ധതിയുടെ ഷട്ടറുകള്‍ അടച്ചു;തുറന്നുവിടണമെന്ന് മന്ത്രി വീണ ജോര്‍ജ്

Wait 5 sec.

പത്തനംതിട്ട |  വേനല്‍ രൂക്ഷമായിരിക്കേ പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ അടയ്ക്കുകയും കനാലിലൂടെയുള്ള ജലമൊഴുക്ക് നിലയക്കുകയും ചെയ്തു. ജലസേചന വകുപ്പിന്റെ തീരുമാനപ്രകാരമാണ് സംഭരണി അടച്ചതെന്ന് പറയുന്നു. ഇതോടെ മണിയാര്‍ സംഭരണിയില്‍ നിന്നും വലതുകര, ഇടതുകര കനാലുകളിലൂടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നടത്തിവന്ന ജലസേചനമാണ് നിലച്ചിരിക്കുന്നത്. ഡാമിന്റെ അഞ്ച് ഷട്ടറുകളും 2025 ഡിസംബറോടെ മാറ്റിവയ്ക്കാനാണ് ജലസേചനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ വന്നതോടെ ജലസേചന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് കഴിഞ്ഞ മാര്‍ച്ച് 31വരെ കനാലില്‍ കൂടി ജലം തുറന്നുവിടാനും അതിനുശേഷം അടയ്ക്കാനും തീരുമാനിച്ചത്.മുന്‍യോഗ തീരുമാനം നടപ്പാക്കിയ ജലസേചന വകുപ്പ് വേനലിന്റെ മൂര്‍ധന്യത്തില്‍ രണ്ടാഴ്ച മുമ്പ് സംഭരണി അടച്ചു. ഇതോടെ സംഭരണിയില്‍ നിന്നുള്ള ജലസേചനം പൂര്‍ണമായി നിര്‍ത്തി. കനാല്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുകയും ചെയ്തിരിക്കുകയൈാണ്. സംഭരണിയുടെ ഷട്ടര്‍ മാറ്റിവയ്ക്കല്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ്. ഇതില്‍ ഒരു ഷട്ടര്‍ സ്ഥാപിക്കുന്നത് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. നാല് ഷട്ടറുകള്‍ മാറ്റുന്ന ജോലികള്‍ക്കാണ് നിലവില്‍ സംഭരണി അടച്ചതെന്ന് പറയുന്നു. മെക്കാനിക്കല്‍ വിഭാഗം തുടങ്ങിവച്ച ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടുമാസം സാവകാശമാണ് തേടിയിരിക്കുന്നത്. വേനല്‍ അതിരൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ സംഭരണിയില്‍ നിന്നുള്ള ജലസേചനം നിര്‍ത്തിവച്ച് ഷട്ടറുകള്‍ മാറ്റിവയ്ക്കാനുള്ള ജോലി നടത്തുന്നതാണ് വിവാദത്തിലായത്. ഷട്ടറുകള്‍ മാറ്റിവച്ചതിനു ശേഷമേ കനാലുകളിലൂടെയും ജലം ഒഴുക്കാനാകൂവെന്നാണ് ജലസേചന വകുപ്പിന്റെ നിര്‍ദേശം.ജില്ലാ കളക്ടര്‍ അധ്യക്ഷനായ ദുരന്ത നിവാരണ സമിതിയുടെ അനുമതിയും ഇതിനായി തേടിയിരുന്നു. സംഭരണിയുടെ ഷട്ടറുകള്‍ അപകടാവസ്ഥയിലായതിനാല്‍ ഇതു മാറ്റണമെന്ന നിര്‍ദേശം ജലസേചന വകുപ്പ് നേരത്തെ തന്നെ നല്‍കിയതാണ്. ഇതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചുവരുന്നത്. എന്നാല്‍ കനാലിലൂടെ വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവച്ചതോടെ റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രതിസന്ധി ഉടലെടുത്തത്. ഇത്തരത്തില്‍ ഒരു തീരുമാനം തങ്ങളുടെ അറിവോടെയല്ലെന്ന പ്രതികരണവുമായി ജനപ്രതിനിധികളടക്കം രംഗത്തെത്തി. വിവിധ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ കനാല്‍ അടച്ചതിനെതിരേ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്.കനാലില്‍ വെള്ളം തുറന്ന് വിടണമെന്ന് മന്ത്രി വീണാ ജോര്‍ജ്പമ്പാ ജലസേചന പദ്ധതിയുടെ കനാലില്‍ വെള്ളം തുറന്ന് വിടണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജലവിഭവ മന്ത്രിയോട് ഇക്കാര്യം രേഖാ മൂലം ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ജലസേചന, ജലവിഭവ വകുപ്പുകളുടെയും പഞ്ചായത്തുകളുടേയും യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.