വിയന്ന | ബേബി ഫുഡില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് യൂറോപ്പില്‍ വന്‍ ആശങ്ക പടര്‍ത്തി. ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളിലാണ് എലിവിഷം കണ്ടെത്തിയത്.ജാറുകളില്‍ ആരോ മനപ്പൂര്‍വ്വം വിഷം കലര്‍ത്തിയതാണെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഭാഗ്യവശാല്‍ ആ കുഞ്ഞ് ഭക്ഷണം കഴിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപ്രതീക്ഷിത സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്.ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായിരുന്നുവെന്നും വിപണിയിലെത്തിയ ശേഷം നടന്ന അട്ടിമറിയാണിതെന്നുമാണ് ഹിപ്പ് കമ്പനിയുടെ വിശദീകരണം. ഇതേത്തുടര്‍ന്ന് സ്പാര്‍, യൂറോസ്പാര്‍, ഇന്റര്‍സ്പാര്‍ സ്റ്റോറുകളില്‍ നിന്ന് എല്ലാ ജാറുകളും ഹിപ്പ് കമ്പനി തിരിച്ചുവിളിച്ചു. ഓസ്ട്രിയയ്ക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ വിഷം കലര്‍ത്തിയ ജാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു.കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന ഈ നീക്കം അതീവ ഗൗരവത്തോടെയാണ് ജര്‍മ്മന്‍ അന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുന്നത്. വിഷം കലര്‍ത്തിയ ജാറുകള്‍ തിരിച്ചറിയാന്‍ അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. അടപ്പ് തുറന്ന നിലയിലോ കേടുപാടുകള്‍ ഉള്ളതോ സെക്യൂരിറ്റി സീല്‍ ഇല്ലാത്തതോ ആണെങ്കില്‍ അത് ഉപയോഗിക്കരുത്. ഗ്ലാസ് ജാറിന്റെ അടിഭാഗത്ത് ചുവന്ന വട്ടത്തോടു കൂടിയ വെളുത്ത സ്റ്റിക്കര്‍ ഉണ്ടോ എന്ന് പരിശോധിക്കുക. അസ്വാഭാവികമായ ഗന്ധമോ കേടായ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.ഹിപ്പ് ബേബി ഫുഡ് കഴിച്ച കുട്ടികളില്‍ നിശ്ചിത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്. അമിതമായ രക്തസ്രാവമോ അസാധാരണമായ തളര്‍ച്ചയോ വിളര്‍ച്ചയോ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്നാണ് നിര്‍ദേശം.