വയനാട്ടിലെ ദുരിതബാധിതരുടെ വീടുകൾക്കെതിരെ പ്രചരണം…വൈറലായി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക് കുറിപ്പ്

Wait 5 sec.

വയനാട്ടിലെ ചൂരൽമലയിലെ ദുരിതബാധിതർക്കായി ഇടതുസർക്കാർ നിർമിച്ച വീടുകൾക്കെതിരെ വരുന്ന വ്യാജവാർത്തകളെ തുറന്നു കാട്ടി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. കോൺഗ്രസ്സും ഒരുവിഭാഗം മാധ്യമങ്ങളും വീടുകളിലെ വിള്ളലുകൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് കെട്ടിടത്തിനു മുകളിൽ വെള്ളം കിനിയുന്നത് തടയാനുള്ള നടപടിക്രമത്തിന്റെ ഭാഗമായി മാർക്ക് ചെയ്തതാണ് എന്നാണ് സുർജിത് അയ്യപ്പത്ത് തന്റെ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കുന്നത്.വളരെ സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം മാത്രമേ വീടുകൾ ദുരന്തബാധിതർക്ക് കൈമാറു എന്ന ഉറപ്പ് ഭരണകൂടം വരുത്തിയിട്ടുണ്ട് എന്നും ദുരന്തബാധിതരുടെ നെഞ്ചിലേക്ക് ആശങ്ക നിറയ്ക്കുകയല്ല അദ്ദേഹം കുറിച്ചു. ടൗൺഷിപ്പ് നേരെചൊവ്വേ ആകരുത് എന്ന് കൊതിക്കെറുവ് ഉള്ളവരുമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.സുർജിത് അയ്യപ്പത്തിന്റെ ഫേസ്ബുക് കുറിപ്പ്ഞാൻ വയനാട്ടിലെ മാധ്യമപ്രവർത്തകനാണ്. ദുരന്തത്തിന്റെ തലേ നാൾ മുണ്ടക്കൈ , ചൂരൽമല പ്രദേശത്ത് യാത്ര ചെയ്ത മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ദുരന്തത്തിന് ഇപ്പുറവും ഞാൻ ഇവിടെ തന്നെയുണ്ട്. ദുരന്തബാധിതർക്ക് ഒപ്പം തന്നെയുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ വിള്ളൽ എന്ന തരത്തിൽ ഒരു മാധ്യമം വാർത്ത നൽകിയപ്പോൾ ഏറ്റുപിടിക്കാതെ വിശദ അന്വേഷണം നടത്തുകയാണ് ചെയ്തത്. സാങ്കേതിക പരിജ്ഞാനം ഉള്ള സിവിൽ എൻജിനീയർമാരോട് ആണ് വിഷയം സംസാരിച്ചത്. അങ്ങനെയാണ് കെട്ടിടത്തിനു മുകളിൽ വെള്ളം കിനിയുന്നത് തടയാനുള്ള നടപടിക്രമത്തിന്റെ ഭാഗമായി മാർക്ക് ചെയ്തതാണ് വിള്ളൽ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായത്. ഒറ്റനോട്ടത്തിൽ കറുത്ത വര കണ്ടാൽ ആർക്കും അത് വിള്ളൽ ആണെന്ന് തോന്നിപ്പോകും. അതിൽ സ്ക്രൂ ചെയ്ത് ഒരു സൊലൂഷൻ ഇഞ്ചക്ട് ചെയ്യുന്നതാണ് രീതി എന്നും മനസ്സിലായി. ഇത്തരത്തിലുള്ള വെള്ളം കിനിഞ്ഞിറങ്ങൽ തടയാനായി വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തുമെന്നും ബോധ്യപ്പെട്ടു. ഗ്രൗട്ടിംഗ്, വാട്ടർ പ്രൊട്ടക്ഷൻ റൂഫിംഗ് എന്നിങ്ങനെയുള്ള സാങ്കേതിക പദങ്ങൾ മനസ്സിലാക്കുന്നത് ഈ വിധത്തിലാണ്.ഊരാളുങ്കൽ അധികൃതരുമായി സംസാരിച്ചു. അവർ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു. അത് ശരിയാണോ എന്നറിയാൻ എനിക്ക് പരിചയമുള്ള കേരളത്തിലെ പ്രധാനപ്പെട്ട വർക്കുകൾ നടത്തുന്ന കരാർ കമ്പനിയുടെ എൻജിനീയർമാരുമായും സംസാരിച്ചു. (ഇത്തരം പരിചയം എനിക്ക് വരുന്നത്, കുറ്റിപ്പുറം ചൂണ്ടൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട മലേഷ്യൻ റോഡ് ബിൽഡർ കമ്പനിയുടെ ബേസ് ക്യാമ്പ് എൻറെ നാട്ടിൽ ആയതിനാലാണ് )വളരെ സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം മാത്രമേ വീടുകൾ ദുരന്തബാധിതർക്ക് കൈമാറു എന്ന ഉറപ്പ് ഭരണകൂടം വരുത്തിയിട്ടുണ്ട് എന്നും ബോധ്യപ്പെട്ടു. വീട് കൈമാറിയശേഷം അഞ്ചുവർഷത്തെ മേൽനോട്ടവും കരാർ കമ്പനിയിൽ നിന്നു ഉണ്ടാകും എന്ന് ഉറപ്പാക്കി.ഈ പണിയെടുക്കുന്നവർ ദുരന്തബാധിതരുടെ നെഞ്ചിലേക്ക് ആശങ്ക നിറയ്ക്കുകയല്ല വേണ്ടത് എന്ന ഉത്തമ ബോധ്യമുണ്ട്. ഇങ്ങനെ ഒരു പരാതി ലഭിക്കുമ്പോൾ ഒരു ഫോൺകോളിന് പുറത്ത് ഉദ്യോഗസ്ഥരും കരാർ കമ്പനിയും സാങ്കേതിക മേൽനോട്ട ചുമതലയുള്ള കിഫ്കോൺ പ്രതിനിധികളും ഉണ്ട്. ആ ഭാഗം ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ വിവാദത്തിന് തരമില്ലാത്ത സ്ഥിതിയാകും. പക്ഷേ ചിലർക്ക് വിവാദങ്ങൾ നിർമ്മിക്കൽ ഹരമാണ്. അത് അത്തരക്കാരുടെ ജനിതക ശീലവും ആണ്. എന്തായാലും ആ ഹരത്തിന് പിറകെ പായാൻ കഴിയില്ല എന്നാണ് ബോധ്യം.ടൗൺഷിപ്പ് നേരെചൊവ്വേ ആകരുത് എന്ന് കൊതിക്കെറുവ് ഉള്ളവരുമുണ്ട്. ഇത് നന്നായി തീരണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. വിവാദങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ അത് തുടരും. ഞാൻ പറഞ്ഞ ജനിതകശീലത്തിന്റെ പ്രശ്നമാണ് അത്.എന്നും ദുരന്തബാധിതർക്ക് ഒപ്പമാണ്. ആ മനുഷ്യർക്ക് വാർത്ത കൊണ്ട് തന്നെ സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുമുണ്ട് എന്നാണ് ബോധ്യം. അത് മാധ്യമപ്രവർത്തകൻ എന്ന ഉത്തരവാദിത്വം തന്നെയാണെന്ന് വിശ്വസിക്കുന്നു. അവർക്ക് ഇടയിലേക്ക് ആശങ്കയുടെ വിത്തെറിയുന്നവർക്കൊപ്പം അല്ല. ഒരിക്കലും അങ്ങനെയാകാനും പറ്റില്ല.കുറച്ച് അധികം വിശദീകരിക്കാനുണ്ട്, പിന്നീട് എഴുതും ! എഴുതപ്പെടും !(കമൻറ് ബോക്സിൽ നിറയാനിരിക്കുന്ന ചാപ്പകൾക്കും പരിഹാസങ്ങൾക്കും ഒരു പുഞ്ചിരി മാത്രം മറുപടി)The post വയനാട്ടിലെ ദുരിതബാധിതരുടെ വീടുകൾക്കെതിരെ പ്രചരണം…വൈറലായി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക് കുറിപ്പ് appeared first on Kairali News | Kairali News Live.