കണ്ണീര്‍ക്കയത്തിലാണ് മലപ്പുറം പള്ളിപ്പറമ്പ് പാങ്ങ് പ്രദേശവും പരിസര നാടുകളും. വിനോദയാത്രക്ക് പോയ പള്ളിപ്പറമ്പ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനത്തിന് സംഭവിച്ച അപകടം നഷ്ടമാക്കിയത് ആറ് അധ്യാപകരെയും സ്‌കൂളിലെ പാചകത്തൊഴിലാളിയെയും ബസ് ഡ്രൈവറെയുമാണ്. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ മടക്കയാത്രയില്‍ വാല്‍പ്പാറ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവ് ഇറങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട് 300 അടി താഴേക്ക് പതിച്ചത്. പാങ്ങ് സ്‌കൂളിനും നാട്ടുകാര്‍ക്കും ഒരിക്കലും മറക്കാനാകാത്ത, ഉണങ്ങാത്ത മുറിവായി മാറി ഈ വേനലവധിക്കാലം.പതിവു വാര്‍ത്തയാണിന്ന് വിനോദയാത്രാ സംഘങ്ങള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തിൽപ്പെടുന്ന സംഭവങ്ങള്‍. നമ്മുടെ യാത്രാ സംസ്‌കാരത്തിലെയും സുരക്ഷാ നിയമങ്ങളിലെയും പാളിച്ചകളും അശ്രദ്ധയുമാണ് കാരണം. ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ സാങ്കേതിക തകരാര്‍, വിശ്രമമില്ലാത്ത യാത്ര എന്നിവയാണ് സാധാരണഗതിയില്‍ വിനോദയാത്രാ വാഹനാപകടങ്ങള്‍ക്ക് കാരണങ്ങള്‍. വാല്‍പ്പാറ അപകടത്തിന് പ്രാഥമികമായി ഉയര്‍ന്നു കേള്‍ക്കുന്ന കാരണം ഡ്രൈവറുടെ പരിചയക്കുറവാണ്. ചുരം റോഡുകളില്‍ പ്രത്യേകിച്ച് നാല്‍പ്പതോളം ഹെയര്‍പിന്‍ വളവുകളുള്ള പൊള്ളാച്ചി- വാല്‍പ്പാറ പാതയില്‍ വാഹനമോടിക്കാന്‍ ഡ്രൈവിംഗില്‍ നല്ല കഴിവും പരിചയവും ക്ഷമയും ആവശ്യമാണ്. പ്രദേശത്തെ ഭൂപ്രകൃതിയെക്കുറിച്ചും വളവുകളില്‍ ഗിയര്‍ മാറ്റേണ്ട രീതിയെക്കുറിച്ചും നല്ല പരിജ്ഞാനവും വേണം. അപകടത്തില്‍പ്പെട്ട ട്രാവലര്‍ ഓടിച്ച ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് വഴിവെച്ചതെന്ന് സംശയിക്കപ്പെടുന്നുണ്ട്. ടെമ്പോ ട്രാവലറിന്റെ സ്ഥിരം ഡ്രൈവറല്ല, സ്‌കൂള്‍ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. സാധാരണ റോഡുകളിലേതു പോലെ വാഹനം ഓടിക്കാന്‍ സാധിക്കില്ല ചുരം റോഡുകളില്‍. തുടര്‍ച്ചയായോ അമിതമായോ ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്കിന്റെ കാര്യക്ഷമത പെട്ടെന്ന് കുറയാന്‍ ഇടയാക്കുമെന്നാണ് ആ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ലോ ഗിയറില്‍ എന്‍ജിന്‍ ബ്രേക്കിംഗ് ഉപയോഗിച്ചാണ് ഇത്തരം റോഡുകളില്‍ വാഹനം ഓടിക്കേണ്ടത്.സമയക്രമം പാലിക്കാനുള്ള വ്യഗ്രതയാണ് വിനോദയാത്രകളുടെ മറ്റൊരു പ്രശ്‌നം. ഒന്നോ രണ്ടോ ദിവസത്തെ യാത്രയാണ് മിക്കവരും പ്ലാന്‍ ചെയ്യുന്നത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്കകം ചെന്നെത്താനും കണ്ടുതീര്‍ക്കാനുമുള്ള സ്ഥലങ്ങളും കാഴ്ചകളും നിരവധി. പുലര്‍ച്ചെ നാല് മണിക്കോ അഞ്ച് മണിക്കോ തുടങ്ങുന്ന യാത്ര പാതിരാത്രി വരെ തുടരും. ഇതിനിടയില്‍ ഡ്രൈവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് വളരെ കുറഞ്ഞ സമയമാണ്. യാത്രാ സംഘാടകര്‍ ഡ്രൈവറുടെ വിശ്രമത്തിന്റെ കാര്യം തീരെ പരിഗണിക്കാറില്ല. തുടര്‍ച്ചയായ ജോലിയും ഉറക്കമില്ലായ്മയും ഡ്രൈവറുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്ന കാര്യം ചിന്തിക്കാറുമില്ല. ദൂരയാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിശ്രമം അനുവദിക്കേണ്ടത് യാത്രാ സംഘത്തിന്റെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്.ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്ക് കടുത്ത പെരുമാറ്റച്ചട്ടവും നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ജി പി എസ് സംവിധാനം (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), സ്പീഡ് ഗവര്‍ണര്‍, ഏകീകൃത കളര്‍കോഡ് (വെള്ളനിറം) എന്നിവ കര്‍ശനമാക്കി. ടൂറിസ്റ്റ് ബസുകളിലെ കളറിംഗും അലങ്കാര പണികളും അതിരുകടന്ന പശ്ചാത്തലത്തിലാണ് കളര്‍ കോഡ് നടപ്പാക്കിയത്. എന്നാല്‍ ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിനു വഴങ്ങി അടുത്തിടെ ഈ നിബന്ധന പിന്‍വലിക്കുകയും കളര്‍ പെയിന്റിംഗ് അനുവദിക്കുകയും ചെയ്തു. ഇന്ന് മിക്ക ബസുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് സംവിധാനങ്ങളും കാതടപ്പിക്കുന്ന ശബ്ദസജ്ജീകരണങ്ങളുമായാണ് ഓടുന്നത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുകയും മറ്റു വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്.ഒഴിവുവേളകള്‍ ആസ്വാദ്യകരമാക്കാനും കുടുംബ, സുഹൃദ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനുമാണ് വിനോദയാത്രകള്‍. ഈ സന്തോഷ വേളകള്‍ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ദുരന്തമായി മാറാതിരിക്കണമെങ്കില്‍ സംഘാടന തലത്തിലും സര്‍ക്കാര്‍തലത്തിലും ശ്രദ്ധയും ജാഗ്രതയും യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്താനാവശ്യമായ നടപടികളും അനിവാര്യമാണ്. ദൂരയാത്രകളില്‍, ചുരവും സങ്കീര്‍ണമായ വളവുകളും കടന്നുപോകേണ്ട യാത്രകളില്‍ പ്രത്യേകിച്ചും ഡ്രൈവര്‍മാര്‍ക്ക് ആ മേഖലയില്‍ പരിചയമുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് സംഘാടകര്‍. വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പ് അതിന്റെ മെക്കാനിക്കല്‍ കണ്ടീഷന്‍ ഉറപ്പ് വരുത്തുകയും വേണം. രാത്രി പത്ത് മണിക്കു ശേഷം മലയോര പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരിക്കുകയും രാത്രിയില്‍ ഡ്രൈവര്‍ക്ക് ഉറങ്ങാനുള്ള സൗകര്യം നല്‍കുകയും ചെയ്യുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ വലിയൊരു അളവോളം സഹായകമാകും.വലിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ഉണരുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. അതേത്തുടര്‍ന്നുള്ള പ്രതിഷേധവും വിലാപങ്ങളും കെട്ടടങ്ങുന്നതോടെ ഉത്തരവാദപ്പെട്ടവര്‍ പിന്‍വലിയും. ഇതിന് മാറ്റം വരണം. വാഹന യാത്രകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനയും സി സി ടി വി നിരീക്ഷണവും ഏര്‍പ്പെടുത്തേണ്ടതുണ്ട്. അന്തര്‍ സംസ്ഥാന പാതകളിലും ചുരംറോഡുകളിലും പ്രത്യേകിച്ചും. ഹെയര്‍പിന്‍ വളവുകളില്‍ സുരക്ഷാഭിത്തികളുടെ ഉയരവും ബലവും വര്‍ധിപ്പിക്കേണ്ടതുമാണ്. സുരക്ഷാഭിത്തി തകര്‍ത്താണ് വാല്‍പ്പാറ അപകടത്തില്‍ ട്രാവലര്‍വാന്‍ താഴേക്ക് പതിച്ചത്. അധികാരികളുടെ കര്‍ശന നടപടികളും ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വബോധവും യാത്രക്കാരുടെ ജാഗ്രതയും ഒത്തുചേര്‍ന്നാല്‍ മാത്രമേ റോഡ് ഗതാഗതം സുരക്ഷിതമാകുകയുള്ളൂ.