ഡിജിറ്റല്‍ വായ്പ; ദുരന്തം ഒരു ക്ലിക്കകലെയാണ്

Wait 5 sec.

ഇന്ത്യ ഒരു വലിയ സാമ്പത്തിക- സാങ്കേതിക പരിവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് ഏകദേശം 900 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും 500 ദശലക്ഷത്തിലധികം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുമുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അതിവേഗ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപോത്പന്നങ്ങളിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ വിതരണം. ബേങ്കുകളുടെ സങ്കീര്‍ണമായ നൂലാമാലകളില്ലാതെ, വിരല്‍ത്തുമ്പില്‍ മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന ഈ സംവിധാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, സാധാരണക്കാരുടെ ജീവിതം തകര്‍ക്കുന്ന ചൂഷണ സ്വഭാവമുള്ള വായ്പകളുടെ ഒരു അധോലോകം കൂടി ഇതിന് സമാന്തരമായി വളര്‍ന്നുവരുന്നുണ്ടെന്നതാണ് ഇതിന്റെ മറുവശം. ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ഈ ഇരട്ടമുഖം ഇന്ന് സമൂഹത്തില്‍ സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.ഇന്ത്യയിലെ ഡിജിറ്റല്‍ വായ്പാ വിപണി ഓരോ സാമ്പത്തിക വര്‍ഷവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്മാര്‍ട്ട്ഫോണുകളുടെ വ്യാപനവും യു പി ഐ അടിസ്ഥാനമാക്കിയുള്ള അതിവേഗ പേയ്മെന്റുകളും ഈ മേഖലയെ വളരെ വേഗം ജനപ്രിയമാക്കി. നിലവില്‍ ആഗോള ഡിജിറ്റല്‍ വായ്പാ വിപണിയില്‍ ഇന്ത്യയുടെ സംഭാവന 4.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വിപണി മൂല്യം 2,454 മില്യണ്‍ യു എസ് ഡോളര്‍ കവിയുമെന്നാണ് പ്രവചനം. സാമ്പത്തിക രംഗത്തെ ഈ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ രാജ്യത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകരാണ് (ങടങഋ). സമയബന്ധിതമായി മൂലധനം ലഭിക്കാത്തതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ വഴി എളുപ്പത്തില്‍ വായ്പ നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉത്പാദന മേഖലക്ക് കരുത്തേകുന്നുണ്ട്.സാമ്പത്തിക വികസനത്തിന്റെ ഈ കണക്കുകള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ, യാതൊരു നിയമപരമായ അംഗീകാരങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ലോണ്‍ ആപ്പുകള്‍ കേരളത്തിലടക്കം വലിയ സാമൂഹിക ദുരന്തങ്ങള്‍ സൃഷ്ടിക്കുകയാണ്. ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി പരിഗണിക്കാതെ, തികച്ചും അന്യായവും വഞ്ചനാപരവുമായ വ്യവസ്ഥകളില്‍ ക്രെഡിറ്റ് നല്‍കുന്നതാണ് ഇവരുടെ രീതി. ഭോപ്പാലില്‍ ഇന്‍ഷ്വറന്‍സ് കമ്പനി ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര വിശ്വകര്‍മ എന്ന യുവാവ് റിക്കവറി ഏജന്റുമാരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് കുടുംബ സമേതം ജീവനൊടുക്കിയ സംഭവം രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. റിക്കവറി ഏജന്റുമാര്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആ യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. വായ്പാ മാഫിയയുടെ പീഡനം സഹിക്കാനാകാതെ പുതുച്ചേരി സ്വദേശിയായ വിക്രമന്‍ എന്ന യുവാവും സമാനമായ രീതിയില്‍ ജീവനൊടുക്കിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം നിരവധി സംഭവങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്.കേരളം പോലെ ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരതയും സ്മാര്‍ട്ട്ഫോണ്‍ സ്വാധീനവുമുള്ള ഒരു സംസ്ഥാനത്ത് ഇത്തരം വ്യാജ ലോണ്‍ ആപ്പുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ മിടുക്കരാണെങ്കിലും, സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ കേരളത്തിലെ യുവാക്കളും വിദ്യാര്‍ഥികളും എത്രത്തോളം പിന്നിലാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു കഥ പ്രചരിക്കുന്നുണ്ട്്. എം പോക്കറ്റ് വായ്പാ ആപ്പില്‍ നിന്ന് 15,000 രൂപ മാത്രം വായ്പയെടുത്ത ആ യുവാവ് ഭീഷണികള്‍ക്ക് ഇരയായിരുന്നുവെത്രെ. 36 ശതമാനമെന്ന നിയമവിരുദ്ധമായ കൊള്ളപ്പലിശ നിരക്കിലായിരുന്നു ഈ ആപ്പ് വായ്പ നല്‍കിയിരുന്നത്.നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ പ്രധാനമായും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയാണ് ബ്ലാക്ക് മെയിലിംഗ് നടത്തുക. ഒരു ഉപഭോക്താവ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ അയാളുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗാലറി, കോള്‍ ലോഗുകള്‍ എന്നിവ പൂര്‍ണമായും ആപ്പിന്റെ സെര്‍വറുകളിലേക്ക് മാറ്റപ്പെടുന്നു. പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ വായ്പാ തുകയുടെ വലിയൊരു ഭാഗം മുന്‍കൂറായി പിടിക്കുകയും ചെയ്യും. റിസര്‍വ് ബേങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് പല ആപ്പുകളും ഉപഭോക്താക്കളെ വലയിലാക്കുന്നത്.ഡിജിറ്റല്‍ വായ്പാ രംഗത്തെ ചൂഷണങ്ങള്‍ തടയുന്നതിനായി റിസര്‍വ് ബേങ്ക് നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും വായ്പാ വിതരണം സുതാര്യമാക്കാനുമായി പുറത്തിറക്കിയ ഏറ്റവും പുതിയ ഡിജിറ്റല്‍ ലെന്‍ഡിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മേഖലയിലെ സുപ്രധാന കാല്‍വെപ്പാണ്. എല്ലാ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ അംഗീകൃത വായ്പാ ആപ്പുകളുടെ വിവരങ്ങള്‍ ആര്‍ ബി ഐയുടെ ‘സെന്‍ട്രലൈസ്ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്‌സിസ്റ്റം’ (സി ഐ എം എസ്) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കണം എന്ന് കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ, ഉപഭോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഡാറ്റ ശേഖരിക്കാന്‍ പാടുള്ളൂ എന്നും അത് ഇന്ത്യയിലെ സെര്‍വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്നും ചട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.ഡിജിറ്റല്‍ വായ്പാ വിതരണം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് അനിഷേധ്യമാണ്. എന്നാല്‍ ഇത് ഉയര്‍ത്തുന്ന സാമൂഹിക സുരക്ഷാ ഭീഷണികളെ ലഘൂകരിച്ച് കാണാനാകില്ല. സാമ്പത്തിക അച്ചടക്കമെന്ന വലിയ പാഠം ഈ പ്രതിസന്ധികള്‍ നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുകയാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം പൂര്‍ണമാകുന്നത് വേഗത്തിലുള്ള സാമ്പത്തിക ഇടപാടുകളില്‍ മാത്രമല്ല, അത് സുരക്ഷിതവും നീതിയുക്തവും ചൂഷണരഹിതവുമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കൂടിയാണ്. നിയമനിര്‍വഹണ ഏജന്‍സികളുടെ കര്‍ശന നടപടികള്‍ക്കൊപ്പം പൗരന്മാരുടെ ജാഗ്രത കൂടിയുണ്ടെങ്കില്‍ മാത്രമേ സാധാരണക്കാരുടെ ജീവന്‍ കവരുന്ന ഈ ഡിജിറ്റല്‍ കൊള്ള അവസാനിപ്പിക്കാനാകൂ.