വെന്തുരുകുന്ന വേനൽ ചൂടിൽ ജനങ്ങൾക്ക് തണലേകി കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയി സഹകരണ സംഘം. ‘തണ്ണീർ പന്തൽ’ എന്ന പേരിൽ സൗജന്യ സംഭാര-കുടിവെള്ള വിതരണ കേന്ദ്രമാണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ജനമൈത്രി പോലീസിന്റെ കരുതലിന്റെ ഭാഗമായി ഒരുക്കിയ ഈ പദ്ധതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭമെന്നും, എല്ലാ വർഷവും പോലീസ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരാറുണ്ടെന്നും ഉദ്ഘാടന വേളയിൽ കമ്മീഷണർ പറഞ്ഞു. മിൽമയുടെ മോരും നാരങ്ങാവെള്ളവുമാണ് യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.ALSO READ: ഗഡ്യോളെ പൂരമിങ്ങെത്തി ട്ടാ…; കളറാക്കാൻ കച്ചക്കെട്ടി തിരുവമ്പാടി വിഭാഗംമാനാഞ്ചിറയിലെ സിറ്റി പോലീസ് എംപ്ലോയി സഹകരണ സംഘം ഓഫീസിന് സമീപത്താണ് ഈ തണ്ണീർ പന്തൽ സജ്ജീകരിച്ചിരിക്കുന്നത്. നഗരത്തിലെ കടുത്ത ചൂടിൽ നിന്നും ആശ്വാസം തേടുന്നവർക്ക് യാതൊരു മടിയും ഭയവും കൂടാതെ ഇവിടേക്ക് കടന്നുവരാമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും തണ്ണീർ പന്തലിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമായിരിക്കും. പൊള്ളുന്ന ചൂടിൽ ആശ്വാസം തേടിയെത്തിയ നിരവധി പേർ ആദ്യ ദിനം തന്നെ ഈ പദ്ധതിയെ അഭിനന്ദിച്ചു. പോലീസുകാരുടെ ഈ കരുതലിന്റെ തെളിനീർ നഗരവാസികൾക്കും യാത്രക്കാർക്കും വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.The post വെന്തുരുകുന്ന വെയിലിൽ ഒരു ചേർത്തുനിർത്തൽ; ജനമൈത്രി പൊലീസ് കോഴിക്കോട്ട് ‘തണ്ണീർ പന്തൽ’ തുറന്നു appeared first on Kairali News | Kairali News Live.