‘മുഖ്യമന്ത്രി ചര്‍ച്ച’യില്‍ പുറത്തുനിന്നുള്ള ഇടപെടല്‍: കോണ്‍ഗ്രസ്സില്‍ രോഷം

Wait 5 sec.

കോഴിക്കോട് | യു ഡി എഫ് ‘മുഖ്യമന്ത്രി’ ചര്‍ച്ചയില്‍ പക്ഷംപിടിച്ചുള്ള ജമാഅത്തെ ഇസ്ലാമി ഇടപെടലില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രോഷം. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനെതിരായി സംഘടനയുടെ ചാനല്‍ ക്യാമ്പയിന്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ്സ് എം എല്‍ എ റോജി എം ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. കെ സി വേണുഗോപാലിന്റെ യോഗ്യത ചോദ്യം ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. ചാനല്‍ കെ സിയുടെ യോഗ്യത അളക്കാന്‍ വരേണ്ടെന്ന് റോജി എം ജോണ്‍ മുന്നറിയിപ്പ് നല്‍കി.തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു ഡി എഫ് സ്വീകരിച്ചിരുന്നു. എന്നാല്‍, ഫലം വരുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന നിലയില്‍ ചാനല്‍ ക്യാമ്പയിന്‍ നടത്തുന്നത് കോണ്‍ഗ്രസ്സില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്ന് വി ഡി സതീശന്‍ ന്യായീകരിച്ചതിന് പ്രത്യുപകാരമായാണ് കെ സിക്കെതിരെയുള്ള നീക്കമെന്നാണ് കരുതുന്നത്. ഗള്‍ഫ് കേന്ദ്രീകരിച്ച് വി ഡി സതീശനു വേണ്ടിയുള്ള ക്യാമ്പയിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കോണ്‍ഗ്രസ്സിനുള്ളില്‍ ചര്‍ച്ചകളുണ്ട്.റോജി എം ജോണിന് പുറമെ കോണ്‍ഗ്രസ്സ് നേതാക്കളായ അനൂപ് വി ആര്‍, അഡ്വ. അനില്‍ ബോസ്, പാര്‍ട്ടി സഹയാത്രികയും എഴുത്തുകാരിയുമായ സുധാ മേനോന്‍ എന്നിവരും ചാനലിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത് രംഗത്തുവന്നു. ചാനല്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യര്‍, ബിനു ചുള്ളിയില്‍, അരിത ബാബു തുടങ്ങിയവരും കെ സിയെ അനുകൂലിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. ചാനലില്‍ കെ സി വേണുഗോപാലിനെ പുച്ഛവും പരിഹാസവും കലര്‍ന്ന രീതിയില്‍ വിമര്‍ശിച്ചുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ചാനല്‍ കുറച്ച് കാലമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അജന്‍ഡകളുടെ തുടര്‍ച്ചയാണിതെന്നായിരുന്നു അനൂപിന്റെ പ്രതികരണം. തുടര്‍ച്ചയായി ചാനല്‍ വ്യക്തിഹത്യ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാല്‍ പലവട്ടം എം എല്‍ എയായതും എം പിയായതും മന്ത്രിയായതുമെല്ലാം ഓര്‍മിപ്പിച്ചാണ് ചാനലിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി അഡ്വ. അനില്‍ ബോസ് രംഗത്തുവന്നത്. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് ചാനല്‍ അവതാരകനെന്നും അനില്‍ ബോസ് വിമര്‍ശിച്ചു.കെ സി വേണുഗോപാലിന്റെ യോഗ്യത എന്താണെന്ന ചോദ്യമുയര്‍ത്തുന്നത് നൈതികമല്ലെന്നും കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തെ റദ്ദ് ചെയ്യുന്നതാണെന്നും സുധാ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യോഗ്യതയില്ലെന്ന് ആരെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്ന് ഒരുനിമിഷം മനസ്സാക്ഷിയോട് ചോദിച്ചുനോക്കണമെന്നും അവര്‍ പറഞ്ഞു. പയ്യന്നൂരിലെ കെ എസ് യു പ്രവര്‍ത്തകനായത് മുതലിങ്ങോട്ടുള്ള കെ സി വേണുഗോപാലിന്റെ ചരിത്രം നിരത്തിയാണ് സുധാ മേനോന്‍ ചാനലിനെ വിമര്‍ശിക്കുന്നത്. തീപ്പന്തവുമായി സമരത്തില്‍ നില്‍ക്കുന്ന കെ സി വേണുഗോപാലിന്റെ ചിത്രമടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാ മേനോന്‍ വിമര്‍ശമുന്നയിക്കുന്നത്.അതേസമയം, വിഷയം ചാനല്‍ എടുത്തിട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ ‘മുഖ്യമന്ത്രി ചര്‍ച്ച’ വ്യാപകമാകുകയാണ്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുഭാവികളും മുന്നണിയിലെ മറ്റു പാര്‍ട്ടി അംഗങ്ങളും ചേരിതിരിഞ്ഞ് തര്‍ക്കിക്കുകയാണ്. കെ സുധാകരന്റെ പോസ്റ്റിന് താഴെയും മൂന്ന് പേര്‍ക്കും വേണ്ടി മുറവിളി ഉയരുന്നുണ്ട്.