പാലക്കാട് | ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തെ തൊഴില്‍ മേഖലകള്‍ക്ക് കടുത്ത തിരിച്ചടിയാകുന്നു. ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഗ്യാസ് ക്ഷാമവുമാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.നിര്‍മാണ-ഹോട്ടല്‍ മേഖലകളെയാണ് തൊഴിലാളിക്ഷാമം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം കേരളത്തില്‍ ഏകദേശം 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.നിര്‍മാണമേഖലയിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലേറെയും ഇവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴിലാളികളുടെ മടങ്ങിപ്പോക്കിനെ തുടര്‍ന്ന് വലുതും ചെറുതുമായ നിരവധി പദ്ധതികള്‍ നിലച്ചിരിക്കുകയാണ്. കഞ്ചിക്കോട് വ്യവസായ മേഖലക്ക് പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. മുന്‍വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പ് സമയത്ത് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നെങ്കിലും ഇത്തവണ കൂടുതല്‍ പേരാണ് മടങ്ങിയതെന്നും വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകളും തെറ്റായ പ്രചാരണങ്ങളുമാണ് മടങ്ങിപ്പോക്കിന് കാരണമായതെന്നുമാണ് കരാറുകാര്‍ പറയുന്നത്.ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് പോയാല്‍ കുറഞ്ഞത് രണ്ട് മാസം കഴിഞ്ഞാണ് സാധാരണയായി മടങ്ങിവരുന്നത്. അതിനാല്‍ ജൂണ്‍ പകുതിക്ക് ശേഷമേ ഇവര്‍ തിരിച്ചുവരികയുള്ളൂ.എന്നാല്‍ ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ നാട്ടില്‍ തന്നെ തൊഴില്‍ ലഭിച്ചതിനാല്‍ തിരിച്ചുവരാന്‍ താത്പര്യമില്ലാത്ത നിലയിലാണ്. കേരളത്തില്‍ ഇരട്ടിയിലേറെ കൂലി ലഭിച്ചാലും പലരും സ്വന്തം നാട്ടില്‍ തുടരാനാണ് മുന്‍ഗണന നല്‍കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന നിര്‍മാണമേഖലക്ക് ഇത് വലിയ തിരിച്ചടിയാണ്. നിര്‍മാണരംഗത്തെ മന്ദഗതി സിമന്റ്, സ്റ്റീല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്.എല്‍ പി ജി പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്ന പല ഹോട്ടലുകളും വീണ്ടും തുറന്നെങ്കിലും തൊഴിലാളികളുടെ കുറവ് വലിയ പ്രശ്നമായി തുടരുന്നു. പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം കുറച്ചും സമയം കുറച്ചുമാണ് പ്രവര്‍ത്തനം തുടരുന്നത്.സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ഏകദേശം 40,000 കോടി രൂപ വേതനമായി ലഭിക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ ഏകദേശം 12, 000 മുതല്‍ 20,000 കോടി വരെ സ്വന്തം നാട്ടിലേക്ക് അയക്കുന്നതായും സര്‍വേകള്‍ വ്യക്തമാക്കുന്നു.കുടുംബങ്ങളോടൊപ്പം കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടെ ചെലവഴിക്കുന്ന തുകയും ഉയര്‍ന്നിട്ടുണ്ട്. ഇത് സംസ്ഥാനത്ത് സമ്പദ്ഘടനയുടെ വളര്‍ച്ചക്കും സഹായകമാകുകയും ചെയ്യുന്നുണ്ട്്.ട്രെയിനുകളില്‍ സീറ്റില്ല; മടക്കം ടൂറിസ്റ്റ് ബസുകളില്‍മൂവാറ്റുപുഴ | ട്രെയിന്‍, വിമാനടിക്കറ്റുകള്‍ കിട്ടാതായതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍ സ്വദേശികള്‍ നാട്ടിലേക്ക് പോയത് നൂറിലധികം ടൂറിസ്റ്റ് ബസുകളില്‍. ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഈമാസം 23നും രണ്ടാംഘട്ടം 29നുമാണ്.ട്രെയിനുകളില്‍ വന്‍തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ടത്. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്സില്‍ ടിക്കറ്റ് കിട്ടാനില്ല. വിവേക് എക്‌സ്പ്രസ്സ് കൂടാതെ ഏതാനും പ്രതിവാര ട്രെയിനുകള്‍ മാത്രമാണ് ബംഗാളിലേക്കുള്ളത്. തിരക്ക് പരിഗണിച്ച് ഇന്നു നാഗര്‍കോവില്‍ നിന്ന് ഷാലിമാറിലേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ തിരുവനന്തപുരം നോര്‍ത്ത് – സാന്ദ്രഗച്ചി സ്‌പെഷ്യല്‍ ട്രെയിനുണ്ടെങ്കിലും ടിക്കറ്റുകള്‍ തീര്‍ന്നിട്ടുണ്ട്.തൊഴിലാളികള്‍ മടങ്ങിവരാതിരിക്കുമോ എന്ന ആശങ്കയില്‍ ബംഗാളിലെ ഉള്‍ഗ്രാമങ്ങളിലേക്കായി പല കമ്പനികളും ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്തു മടങ്ങുന്നതുവരെ ബസുകള്‍ അവിടെ തുടരും. ഇതിനായി 10,000 രൂപ വരെയാണ് ഒരാള്‍ക്ക് ചെലവ്. ഒരു ബസ് ബംഗാള്‍ വരെ പോയി വരാന്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ചെലവ്. രണ്ട് ദിവസമെടുത്താണ് എറണാകുളത്ത് നിന്ന് കൊല്‍ക്കത്തയിലെത്തുന്നത്. മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കട്ടപ്പന, പായിപ്പാട്, പെരുമ്പാവൂര്‍, ആലുവ, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെ മിക്ക സ്ഥലങ്ങളില്‍ നിന്നും ബസുകള്‍ പോയിട്ടുണ്ട്.