കൊച്ചി | അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്ക് കാണാനെത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലില്‍ വീണു മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിലാണ് സംഭവം. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം(5) ആണ് മരിച്ചത്. നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം25 കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം പാര്‍ക്ക് കാണാനെത്തിയത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയില്‍ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാല്‍ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തു നിര്‍ത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടന്ന തിരച്ചിലിനൊടുവില്‍ പാര്‍ക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയില്‍ ആദത്തിനെ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.