എം ജയചന്ദ്രൻഇന്നലെ (2026 ഏപ്രിൽ 17, വെള്ളിയാഴ്ച) ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നു കൊടുത്തു. അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ആവിഷ്കരിച്ചതും, നിലവിലുള്ളതുമായ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നടപടി. ഇസ്രായേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിൽ പത്തു ദിവസത്തെ വെടിനിർത്തലിനും ഇതോടൊപ്പം ധാരണയായി. മേഖലയിൽ രൂപപ്പെട്ടു വരുന്ന പൊതുവായ ഈ സമാധാനാന്തരീക്ഷം കണക്കിലെടുത്താണ് വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്നലെ വ്യക്തമാക്കിയത്.അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി (Operation Epic Fury) എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് ഫെബ്രുവരി 28ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതിനെത്തുടർന്ന് ലോകത്തെ എണ്ണ വിതരണം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെടുകയും എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിന്ന ഉപരോധത്തിനും കനത്ത സൈനിക ആക്രമണങ്ങൾക്കും ശേഷം ഏപ്രിൽ 8-നാണ് ആദ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.സാധാരണ ചരക്കു കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഇപ്പോൾ കടലിടുക്കിലൂടെ കടന്നുപോകാമെങ്കിലും സൈനിക കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ ഇപ്പോഴും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഹോർമുസ് കടലിടുക്ക് തുറന്നതിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു.അതേസമയം, ഇറാനുമായി ഒരു പൂർണ്ണ കരാറിൽ എത്തുന്നത് വരെ ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള തങ്ങളുടെ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.…… …… ….. ….. …..എല്ലാവരും ഇറാനെപ്പറ്റിയും, അമേരിക്കയും ഇസ്രായേലും സംയുക്തമായി അന്നാട്ടിൽ നടത്തി വരുന്ന യുദ്ധത്തെപ്പറ്റിയും സംസാരിക്കുന്ന കാലമാണല്ലോ ഇക്കാലം. ഖമനേയിയെപ്പറ്റി നമ്മളെല്ലാം ചർച്ച ചെയ്യുന്നു. ഇസ്രായേലിനെക്കുറിച്ചും എല്ലാവരും സംസാരിക്കുന്നു! ഇന്ധന ക്ഷാമത്തെപ്പറ്റി അതിലേറെയും ഏവരും വാചാലരാകുന്നു. പക്ഷേ, നമ്മൾ കാണാത്തത് മറ്റൊന്നാണ്. യഥാർത്ഥ യുദ്ധം നടക്കുന്നത് മറ്റൊരു ജിയോ പൊളിറ്റിക്കൽ ആധിപത്യത്തിന് വേണ്ടിയാണ് എന്നതാണ് നാം കാണാതെ പോകുന്ന ആ വസ്തുത. പരസ്പരബന്ധമില്ലെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ ഉള്ളടക്കത്തിൽ കണിശമായും അന്യോന്യബന്ധിതവുമായ രണ്ട് ഉദാഹരണങ്ങൾ ഞാനിവിടെ പറയാം.ആദ്യ സംഭവം :വെനസ്വേലയിൽ അമേരിക്ക 100 ദിവസം മുൻപ് ഒരു സൈനിക നീക്കം നടത്തി. പ്രസിഡൻ്റ് നിക്കൊളാസ് മഡുറോ അറസ്റ്റ് ചെയ്യപ്പെട്ടു. “ഒരു ഏകാധിപതി വീണു” എന്ന് പറഞ്ഞ് ലോകം കയ്യടിച്ചു. എന്നാൽ അത്, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചിലരെങ്കിലും വാദിച്ചു.പക്ഷേ നിർണായകമായ ഒരു ചോദ്യം അന്ന് ആരും ചോദിച്ചില്ല: ആരായിരുന്നു വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവ് ?ഉത്തരം: ചൈന.വെനസ്വേല പ്രതിദിനം 8 ലക്ഷം ബാരൽ എണ്ണ നേരിട്ട് ചൈനയ്ക്ക് വിൽക്കുകയായിരുന്നു.മഡുറോ പോയി… അതോടെ ആ എണ്ണ വിതരണവും നിലച്ചു.രണ്ടാം സംഭവം :അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചു. ഖമനേയി വധിക്കപ്പെട്ടു. “ആണവ ഭീഷണി അവസാനിച്ചു” എന്ന് പറഞ്ഞ് ചിലർ ആഘോഷിച്ചു. മറ്റുചിലർ പ്രതിഷേധിച്ചു.അന്നും പക്ഷേ ആരും ഈ ചോദ്യം ചോദിച്ചില്ല: ആരായിരുന്നു ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവ് ?ഉത്തരം : ചൈന.ഇറാൻ പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണ നേരിട്ട് ചൈനയ്ക്ക് വിൽക്കുകയായിരുന്നു. യുദ്ധം തുടങ്ങിയതോടെ ആ വിതരണവും തടസ്സപ്പെട്ടു.വ്യത്യസ്ത രാജ്യങ്ങൾ, വ്യത്യസ്ത ഭൂഖണ്ഡങ്ങൾ, വ്യത്യസ്ത കാരണങ്ങൾ… പക്ഷേ ഉപഭോക്താവ് ഒന്ന് മാത്രം: ചൈന.ഇതൊരു യാദൃശ്ചികത യാണോ? ഒരിക്കലുമല്ല. അമേരിക്കൻ ധനകാര്യ വിദഗ്ദ്ധനും ചിന്തകനുമായ റേ ഡാലിയോ (Ray Dalio) പറയുന്നത്, ഒരു ഉയർന്നുവരുന്ന ശക്തി (Rising Power), നിലവിലുള്ള വൻശക്തിക്ക് (Established Power) ഭീഷണിയാകുമ്പോൾ ഏറ്റുമുട്ടലുകൾ അനിവാര്യമാകുന്നു എന്നാണ്. അദ്ദേഹം ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ഇതിനെ കാട്ടിത്തരുന്നത് ഇപ്രകാരം :ജർമ്മനി ഉയർന്നുവന്നപ്പോൾ ബ്രിട്ടനുമായി ഏറ്റുമുട്ടിയതിൻ്റെ ഫലമായി ഒന്നാം ലോകമഹായുദ്ധം ഉണ്ടായി. ജപ്പാൻ അമേരിക്കയ്ക്ക് ഭീഷണിയായപ്പോളാണ് രണ്ടാം ലോകമഹായുദ്ധം സംഭവിച്ചത്. സോവിയറ്റ് യൂണിയൻ്റെ ആധിപത്യം ശക്തമാകുന്നു എന്ന് അമേരിക്ക കണക്കു കൂട്ടിയപ്പോൾ, ശീതയുദ്ധവും ഉണ്ടായി.ഇപ്പോൾ ഇത്, ചൈനയുടെ ഊഴമാണോ? 2030-ഓടെ ചൈന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ആകയാൽ അമേരിക്കയ്ക്ക് ഇത്, നിലനിൽപ്പിന്റെ പ്രശ്നമാണ്. എതിരാളി നിങ്ങളെ മറികടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷമാണ് ഏറ്റവും അപകടകരം. ഒന്നുകിൽ ആ നിമിഷം അവരെ തടയുക, അല്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അവരെ തടയാനാവില്ല. ഇതിൻ്റെ വിവിധ വകഭേദങ്ങളാണ് നമ്മളിപ്പോൾ കാണുന്നതെല്ലാം.എൻജിന്റെ ഇന്ധനം മുറിക്കൽ :ചൈനയുടെ പക്കൽ ലോകത്തെ ഉത്പാദനത്തിന്റെ നാലിലൊന്ന് നിയന്ത്രിക്കുന്ന കരുത്തുറ്റ ഒരു ‘എൻജിൻ’ ഉണ്ട്. പക്ഷേ ആ എൻജിന് ഒരു ബലഹീനതയുണ്ട്: സ്വന്തമായി ഇന്ധനമില്ല അതിന് എന്നതാണത്.ഈ എൻജിൻ്റെ പ്രധാനപ്പെട്ട നാല് ഇന്ധന പൈപ്പുകളാണ്’ വെനസ്വേല, ഇറാൻ,റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ. അമേരിക്ക എന്താണിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് ചെയ്തത്? അവർ ഈ ഓരോ പൈപ്പുകളുടേയും ബന്ധം ബലം പ്രയോഗിച്ച് മുറിക്കുന്നു. തത്ഫലമായി വെനസ്വേലയുടെ പ്രസിഡൻ്റിനെത്തന്നെ അമേരിക്ക തട്ടിക്കൊണ്ടുപോയി തടവിലിടുന്നു, ഇറാൻ്റെ പരമോന്നത നേതാവിനെ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടെ അസംഖ്യം ഇറാനിയൻ പൗരരെ നിഷ്ഠുരമായി കൊല്ലുന്നു, റഷ്യ ഉപരോധ കുരുക്കുകളാൽ നിയന്ത്രിക്കപ്പെട്ടു, യുദ്ധം കാരണം സൗദിയുടെ എണ്ണ ഉത്പാദനം വൻതോതിൽ കുറഞ്ഞു.പ്രബലമായ ഒരു എൻജിനെ തടയണമെങ്കിൽപ്പോലും ഇന്നതിനോട് നേരിട്ട് യുദ്ധം ചെയ്യേണ്ടതില്ല, അതിന്റെ ഇന്ധന വിതരണം നിർത്തിയാൽ മാത്രം മതി. എൻജിൻ തനിയെ നിന്നുകൊള്ളും എന്നതാണ് തിയറി. ചൈനയുടെ ഇറക്കുമതിയുടെ 20 ശതമാനമാണ് (പ്രതിദിനം 23 ലക്ഷം ബാരൽ) വെറും രണ്ട് മാസത്തിനുള്ളിൽ അമേരിക്കയുടെ ഇടപെടലിലൂടെ വെട്ടിക്കുറവ് വരുത്താനായത്. എല്ലാവരുമപ്പോൾ ഇറാന്റെ പിന്നാലെ പോയതിനാൽ ആരുമിത് ശ്രദ്ധിച്ചതുമില്ല.പുതിയ സിൽക്ക് റോഡ്:ഊർജ്ജം മാത്രമല്ല പ്രശ്നം. ചൈന പണിയുന്ന സിൽക്ക് റോഡ് എന്ന വ്യാപാര പാത വഴി അവർ യൂറോപ്പുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.ഇതിൻ്റെ ഫലമായി ജർമ്മനിയും ഫ്രാൻസും ഇറ്റലിയും ചൈനയുമായി അടുക്കുന്നു. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ്. ഇറാൻ ഈ സിൽക്ക് റോഡിലെ ഒരു പ്രധാന കണ്ണിയായിരുന്നു. ഇറാന്റെ തകർച്ചയോടെ ചൈനയുടെ വ്യാപാര പാതയും തടസ്സപ്പെട്ടു കഴിഞ്ഞു.തായ്‌വാൻ: അവസാന പോരാട്ടം:ലോകത്തിലെ അത്യാധുനിക ഇലക്ട്രോണിക് ചിപ്പുകളുടെ 90% നിർമ്മിക്കുന്നത് തായ്‌വാനിലാണ്. ആര് തായ്‌വാനെ നിയന്ത്രിക്കുന്നുവോ അവർ 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയെ നിയന്ത്രിക്കും. വലിയൊരു പ്രച്ഛന്ന യുദ്ധത്തിനുള്ള ഒരുക്കമാണിത്. അത്യുത്സാഹത്തോടെയാണ് അമേരിക്ക ഇതിപ്പോൾ ചെയ്യുന്നത്.ഇതിലൂടെ അമേരിക്ക കൈവരിക്കുന്ന അഞ്ച് നേട്ടങ്ങൾ :ചൈനയുടെ ഊർജ്ജ വിതരണം തടസ്സപ്പെടുത്തുന്നു.വ്യാപാര പാതകൾ തകർക്കുന്നു.മേഖലയിൽ നിയന്ത്രണം ഉറപ്പിക്കുന്നു.ആയുധ കച്ചവടത്തിലൂടെ കോടികൾ ലാഭമുണ്ടാക്കുന്നു (ഗൾഫ് രാജ്യങ്ങൾ പേടിച്ച് അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നു).തായ്‌വാൻ യുദ്ധത്തിന് മുൻപ് ചൈനയെ ദുർബലപ്പെടുത്തുന്നു.എല്ലാവരും പലപല യുദ്ധമുറകൾ കാണുന്നുണ്ടാകാം. എന്നാൽ സൂക്ഷ്മതലത്തിൽ കാണാനാകുക ഒറ്റ തന്ത്രം മാത്രം. വെനസ്വേലയും ഇറാനും റഷ്യയും യൂറോപ്പും മധ്യേഷ്യയും അതിന്റെ ഇന്നത്തെ ഇരകളാണ്. ആത്യന്തിക ലക്ഷ്യം ഒന്നേയുള്ളൂ ചൈന എന്ന ഭീഷണിയെ ഇല്ലാതാക്കുക എന്നതാണത്.അതേ സമയം സാമ്പത്തികമായ ലാഭനഷ്ടങ്ങൾക്കും ലോകക്രമത്തിലെ മാറ്റങ്ങൾക്കും അപ്പുറത്ത്, ഇറാൻ എന്ന രാഷ്ട്രവും അവിടുത്തെ സാധാരണ ജനങ്ങളും അനുഭവിക്കുന്ന ഈ ക്രൂരതയ്ക്ക് പിന്നിൽ ഭൗമരാഷ്ട്രീയപരമായ (Geopolitical) ചില കടുത്ത യാഥാർത്ഥ്യങ്ങളുമുണ്ട്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന് നേരെ ഇത്രയധികം ആക്രമണങ്ങൾ അഴിച്ചുവിടുന്നത് കേവലം ‘ചൈനയെ തകർക്കുക’ എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമല്ല. ഇറാൻ കേന്ദ്രിതമായി നാല് കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാനാകും.ALSO READ: ചർച്ച പരാജയപ്പെട്ടാൽ ശക്തമായ ബോംബാക്രമണം; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്ഇസ്രായേലിന്റെ സുരക്ഷയും പ്രാദേശിക ആധിപത്യവും :മധ്യേഷ്യയിൽ (Middle East) അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളി ഇസ്രായേൽ ആണ്. ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയായി നിൽക്കുന്ന ഒരേയൊരു ശക്തിയാണ് ഇറാൻ.നിഴൽ യുദ്ധങ്ങൾ (Proxy Wars) : ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകൾക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇസ്രായേലിനെ ചുറ്റിപ്പറ്റിയുള്ള ഈ ശക്തികളെ ഇല്ലാതാക്കാൻ, ഇറാന്റെ ഭരണ രാഷ്ട്രീയ സൈനിക കേന്ദ്രങ്ങളും സന്നാഹങ്ങളും തകർക്കുക എന്നതാണ് യുഎസ് – ഇസ്രായേൽ സംയുക്ത സൈനിക തന്ത്രം. പക്ഷേ ഈ തന്ത്രങ്ങൾ ഉദ്ദേശിച്ച നിലയിൽ നേടാൻ ആക്രമണം നയിക്കുന്ന യുഎസിനും ഇസ്രായേലിനും ഒട്ടും സാധിക്കുന്നതുമില്ല.ആണവ ഭീഷണി (Nuclear Deterrence)ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇറാൻ ആണവായുധം നിർമ്മിച്ചാൽ ആ മേഖലയിലെ ശാക്തിക സന്തുലിതാവസ്ഥ (Balance of Power) പൂർണ്ണമായും മാറും. ഇത് തടയാൻ ഉപരോധങ്ങൾ വഴിയോ നേരിട്ടുള്ള ആക്രമണങ്ങൾ വഴിയോ ഇറാനെ തളച്ചിടുക എന്നത് അമേരിക്കയുടെ കാലങ്ങളായുള്ള നയമാണ്.വിധേയത്വം കാണിക്കാത്ത രാജ്യങ്ങളെ നാനാ വഴികളിലൂടെ വരിഞ്ഞ് മുറുക്കി തകർക്കുക എന്നത് ഭൗമ രാഷ്ട്രീയത്തിലെ ഒരു നടപ്പ് രീതിയാണ്. മറ്റുള്ളവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ 1979-ൽ നടന്ന വിപ്ലവ മുന്നേറ്റത്തിന് ശേഷം സ്ഥിരമായി അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇറാൻ. അതുകൊണ്ടുതന്നെ ഇറാൻ സാമ്പത്തികമായും സൈനികമായും വളരുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് തെല്ലും സ്വീകാര്യവുമല്ല. ഇറാനിയൻ സ്വാധീനം മറ്റ് അറബ് രാജ്യങ്ങളിൽ ഉണ്ടാകാതിരിക്കാൻ ഇറാനെ നിരന്തരം, പല കാരണങ്ങളും ആരോപിച്ച് വരുതിയിലാക്കാൻ അമേരിക്ക നടത്തിയിട്ടുള്ള വിഫല ശ്രമങ്ങൾ നിരവധിയുണ്ട്.യുദ്ധത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളിൽ സാധാരണക്കാരുടെ ജീവന് പലപ്പോഴും വലിയ വില കൽപ്പിക്കപ്പെടാറില്ല. ഇത് ആഗോള രാഷ്ട്രീയത്തിലെ അങ്ങേയറ്റം ക്രൂരമായ ഒരു യാഥാർത്ഥ്യമാണ്. ചൈനയെ തകർക്കുക എന്നതാണ് അമേരിക്കയുടെ എക്കാലത്തേയും, വലിയ ലക്ഷ്യം. ഇറാനെ ശിഥിലീകരിക്കുക എന്നത് ആ ലക്ഷ്യത്തിലേക്കുള്ള വഴിയിലെ ഒരു തടസ്സം നീക്കലാണ്.ഇറാൻ എന്ന കണ്ണി മുറിഞ്ഞാൽ :ചൈനയുടെ ഊർജ്ജ വിതരണം തകരും.ഇസ്രായേലിന്റെ പ്രധാന ശത്രു ദുർബലമാകും.മധ്യേഷ്യയിലെ എണ്ണ വിപണിയിൽ അമേരിക്കൻ ആധിപത്യം തുടരാം.പക്ഷേ, ഈ തന്ത്രങ്ങൾക്കിടയിൽ ഹോമിക്കപ്പെടുന്നത് ഒരു സംസ്കാരവും അവിടുത്തെ ജനതയുമാണ്. വമ്പൻമാർ കരുനീക്കുമ്പോൾ സാധാരണ ജനങ്ങൾ വെറും കാലാളുകളായി മാറുന്ന അവസ്ഥ. മനുഷ്യത്വപരമായ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ഇത് തീർച്ചയായും കൊടിയ അനീതിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ഒരു ജനതയെ മുഴുവൻ ബലികൊടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എന്നാൽ ലോകത്തെ പ്രബലരായ മാധ്യമങ്ങളും സാമ്പത്തിക ശക്തികളും പലപ്പോഴും ഇത്തരം അധമ കൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നതാണ് കയ്പ്പുള്ള സത്യം.(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ.)The post ഇറാൻ യുദ്ധത്തിലെ കാണാപ്പുറങ്ങൾ appeared first on Kairali News | Kairali News Live.