വാല്‍പ്പാറ ദുരന്തം; ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Wait 5 sec.

തിരുവനന്തപുരം | തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വാല്‍പ്പാറ അപകടത്തില്‍ 9 പേരുടെ മരണം സ്ഥിരീകരിച്ചു. 7 സ്ത്രീകള്‍ക്കും 2 കുട്ടികള്‍ക്കുമാണ് ജീവന്‍ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. വളവില്‍ തെന്നിമാറി നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തി തകര്‍ത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കല്‍, ചുനൂര്‍ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം 4 പേര്‍ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാല്‍ മലക്കപ്പാറ സന്ദര്‍ശനത്തിന് ശേഷമാണ് സംഘം വാല്‍പ്പാറയില്‍ എത്തിയത്.യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങള്‍ സ്‌കൂള്‍ ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. ഈ ചിത്രങ്ങള്‍ ഏവരെയും ഇപ്പോള്‍ നൊമ്പരപ്പെടുത്തുകയാണ്.ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ നിന്ന് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒരു കുട്ടിയും പൊള്ളാച്ചിയില്‍ ചികിത്സയിലുണ്ട്. വിനോദയാത്രയുടെ ഭാഗമായി വാല്‍പ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികള്‍ എത്തിയ മിനിവാന്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.