മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായി പതിറ്റാണ്ടുകളായി സ്ഥിതിചെയ്യുന്ന ഫാല്‍ക്കണ്‍ പ്രതിമ മാറ്റി സ്ഥാപിക്കാനുള്ള നീക്കം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തള്ളി. മുഹറഖിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള എയര്‍പോര്‍ട്ട് റോഡ് വികസന പദ്ധതിക്കായി ഈ സ്മാരകം നീക്കം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രാലയം ഔദ്യോഗികമായി അനുമതി തേടിയിരുന്നു.പുതിയ റോഡ് ശൃംഖലയുടെ നിര്‍മ്മാണത്തിനായി സ്മാരകം പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് എന്‍ജിനീയറിങ് പ്ലാനുകള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ഏകകണ്ഠ്യേന ഈ ആവശ്യം നിരസിച്ചു. പുതിയ ഫ്ലൈഓവറുകള്‍ വരുമ്പോള്‍ സ്മാരകം ഭാഗികമായി മറയ്ക്കപ്പെട്ടാല്‍ പോലും അത് അവിടെത്തന്നെ നിലനിര്‍ത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു.‘ഒരു സാഹചര്യത്തിലും ഫാല്‍ക്കണ്‍ പ്രതിമ മാറ്റാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ ഉറച്ച നിലപാടെടുത്തു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സ്മാരകം വ്യക്തമായി കാണാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുഹറഖിന്റെ അടയാളമായ ഒരു സ്മാരകം മായ്ച്ചു കളയാന്‍ ദൃശ്യപരത ഒരു കാരണമല്ല,” കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ പറഞ്ഞു.‘വികസനം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ അത് ചരിത്രപരമായ അടയാളങ്ങള്‍ തകര്‍ത്തുകൊണ്ടാവരുത്. ഈ സ്മാരകം കണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ വളര്‍ന്നത്.’, ഏരിയ കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അല്‍ സയ്യിദ് പറഞ്ഞു.മന്ത്രാലയത്തിന്റെ സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം, ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാനുമാണ് ഈ നവീകരണം ലക്ഷ്യമിടുന്നത്. ജംഗ്ഷന്റെ ശേഷി മണിക്കൂറില്‍ 5,250 വാഹനങ്ങളില്‍ നിന്ന് ഏകദേശം 16,000 വാഹനങ്ങളായി ഉയരും. ഖലീഫ അല്‍ കബീര്‍ അവന്യൂവില്‍ ഒരു പുതിയ ഫ്ലൈഓവര്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍, മനോഹരമായ ലാന്‍ഡ്സ്കേപ്പിംഗ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.പഴക്കം ചെന്ന ഈ ശിലാശില്‍പം മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അത് തകര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ വേളയില്‍ ഇത് നിലനിര്‍ത്തുന്നത് സുരക്ഷാ വെല്ലുവിളികള്‍ക്കും കാരണമായേക്കാം.നേരത്തെ ഇതേ പദ്ധതിയുടെ ഭാഗമായി വെള്ളച്ചാട്ടം സ്മാരകം പൊളിച്ചുമാറ്റിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. നിലവില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജിന് കൗണ്‍സിലിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. ഈ തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അന്തിമ തീരുമാനത്തിനായി കാബിനറ്റ് ഇടപെടും. The post ഫാല്ക്കണ് സ്മാരകം മാറ്റാനുള്ള നീക്കം മുഹറഖ് മുനിസിപ്പല് കൗണ്സിലര്മാര് തള്ളി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.