ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ട്രംപ് ഫോണില്‍ വിളിച്ച കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ടാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം.‘എന്റെ ഫ്രണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യവും പരസ്പരം സംസാരിച്ചു’- മോദി എക്‌സില്‍ കുറിച്ചു.ഫോണ്‍ സംഭാഷണം 40 മിനിറ്റോളം നീണ്ടു. പശ്ചിമേഷ്യന്‍ സാഹചര്യം, വ്യാപരമടക്കമുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നു യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ഞങ്ങളെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നു ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് മോദിയെ അറിയിച്ചെന്നും ഗോര്‍ പറഞ്ഞു.2026ല്‍ ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ ഫോണ്‍ സംഭാഷണമാണിത്.