സ്ത്രീ സംവരണത്തിന്റെ പേരിൽ ബിജെപി ശ്രമിക്കുന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ: ഡോ. ടി എം തോമസ് ഐസക്

Wait 5 sec.

പാർലമെന്റിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതികൾ ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് വലിയ ആശയ ഏറ്റുമുട്ടലിന് വഴിതെളിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് അദ്ദേഹം വിഷയത്തിൽ ഉള്ള തന്റെ അഭിപ്രായം അറിയിച്ചത്. കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമഭേദഗതി കൊണ്ടുവന്നാൽ നിലവിലുള്ള 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് സംവരണം ചെയ്ത് ഉത്തരവ് ഇറക്കുന്നതിന് ഒരു തടസ്സവുമില്ല എന്നും ബിജെപി ശ്രമിക്കുന്നത് ഡീലിമിറ്റേഷൻ വഴി ബിജെപിക്ക് മുൻകൈയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പാർലമെന്റിൽ വർദ്ധിപ്പിക്കുക എന്നതാണെന്നും അദ്ദേഹം കുറിച്ചു.ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്പാർലമെന്റിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതികൾ ഇനിയുള്ള ദിവസങ്ങളിൽ വലിയ ആശയ ഏറ്റുമുട്ടലിന് സന്ദർഭമൊരുക്കുമെന്നതു തീർച്ചയാണ്. ഇനി പാർലമെന്റിൽ അല്ല പുറത്താണ് സംവാദം. വനിതാ സംവരണ നിയമത്തെ അട്ടിമറിച്ചവരാണ് പ്രതിപക്ഷം എന്നായിരിക്കും ബിജെപിയുടെ പ്രചാരണം. ഇത് തങ്ങൾക്ക് രാഷ്ട്രീയഗുണമായി തീരുമെന്നാണ് എൻഡിഎ കരുതുന്നത്.പാർലമെന്റിൽ നടന്ന വോട്ടെടുപ്പിന് എങ്ങനെ കടകവിരുദ്ധമായ രീതിയിൽ വ്യാഖ്യാനിക്കാമെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ഹിന്ദു പത്രത്തിന്റെ തലക്കെട്ടും അവരുടെ തന്നെ ഗ്രൂപ്പിലെ മറ്റൊരു പത്രമായ ഹിന്ദു ബിസിനസ് ലൈനിന്റെ തലക്കെട്ടും താരതമ്യപ്പെടുത്തിയാൽ മതി. ഇതാണ് ഈ പോസ്റ്റിനു ചിത്രമായി നൽകിയിട്ടുള്ളത്.ഹിന്ദു പത്രത്തിന്റെ തലക്കെട്ട് കൃത്യമാണ്- “ഡിലിമിറ്റേഷൻ പാക്കേജിന്റെ ഭാഗമായുള്ള ഭരണഘടനാ ഭേദഗതി തോൽപ്പിക്കപ്പെട്ടു”. അതേസമയം, ഹിന്ദു ബിസിനസ് ലൈനിന്റെ തലക്കെട്ട് നേർവിപരീതമാണ്- “വനിതാ സംവരണ ബിൽ ലോക്സഭയിൽ തോൽപ്പിക്കപ്പെട്ടു. മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുന്നതിൽ പരാജയപ്പെട്ടു”.ഭൂരിപക്ഷം പത്രങ്ങളിലേതും ഹിന്ദു ബിസിനസ് ലൈൻ തലക്കെട്ടിന്റെ വകഭേദങ്ങളാണ്. ഇത് യാദൃശ്ചികമല്ല. ബിജെപി മുൻകൂട്ടി തയ്യാറാക്കിയ ഒരു പ്രചാരണ അജണ്ടയുടെ ഭാഗമാണ്. ബില്ല് പരാജയപ്പെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ അച്ചടിച്ച പ്ലക്കാർഡുകളും മറ്റുമായി ബിജെപി വനിതാ എംപിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പ്രകടനം തന്നെ ഇതിനു തെളിവാണ്.ബിജെപി 2029-നുവേണ്ടി രണ്ടുംകല്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നു വ്യക്തം. എസ്ഐആർ വഴി തങ്ങൾക്ക് അനഭിമതരായ കോടിക്കണക്കിന് വോട്ടർമാരെയാണ് ലിസ്റ്റിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഡീലിമിറ്റേഷൻ വഴി ബിജെപിക്ക് മുൻകൈയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം പാർലമെന്റിൽ വർദ്ധിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. അതോടൊപ്പം മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിച്ച് അവ തങ്ങൾക്ക് അനുകൂലമാക്കാൻ ഡീലിമിറ്റേഷൻ നടപ്പാക്കുക. മണ്ഡലങ്ങളുടെ എണ്ണം എത്ര കൂടുന്നുവോ അത് ജറിമാന്ററിങിന് കൂടുതൽ സഹായകരമാകും. ഇവയോടൊപ്പം മറ്റൊന്നുകൂടിയുണ്ട്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചാക്കുക. പ്രാദേശിക തെരഞ്ഞെടുപ്പുകൾ ദേശീയ തെരഞ്ഞെടുപ്പിന് ഒപ്പമാക്കിയാൽ അതും തങ്ങൾക്കും സഹായകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.ഈ അജണ്ട പാതിവഴിക്ക് അട്ടിമറിഞ്ഞിരിക്കുന്നു. പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് ഡീലിമിറ്റേഷൻ ബില്ല് ഉപേക്ഷിക്കേണ്ടി വന്നു. യഥാർത്ഥ ലക്ഷ്യം മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയും അതിർത്തി പുനർനിർണ്ണയിക്കുകയുമായിരുന്നു. എന്നാൽ വനിതാ സംവരണ ബില്ലിന്റെ മറവിലാണ് ഇത് ഒളിച്ചുകടത്താൻ നോക്കിയത്. മൂന്ന് വർഷം മുമ്പ് പാസ്സാക്കിയ വനിതാ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോഴാണ് ബിജെപിക്ക് ബോധോദയമുണ്ടായത്. നേരത്തെ പാസ്സാക്കിയ വനിതാ സംവരണ ബില്ലിൽ ചർച്ച ചെയ്യുന്ന വേളയിലാണ് അന്നത്തെ ബില്ല് ഔപചാരികമായി നിയമമായി പ്രഖ്യാപിച്ചിട്ടില്ലായെന്നകാര്യം ഓർത്തത്. അങ്ങനെ ധൃതിപിടിച്ച് പാതിരാത്രിക്കാണ് നിയമം നോട്ടിഫൈ ചെയ്തത്. ഇതിൽപ്പരം അപഹാസ്യമായ മറ്റൊന്നുണ്ടോ?Also Read: വനിതാ സംവരണ ഭേ​ദ​ഗതി ബിൽ പരാജയപ്പെടുത്തി; രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് ബിജെപി വനിത നേതാക്കൾചർച്ചയിലുടനീളം പ്രതിപക്ഷത്തെ ബ്ലാക്ക്മെയിൽ ചെയ്യാനായിരുന്നു പ്രധാനമന്ത്രി മുതലുള്ള എൻഡിഎ നേതാക്കളുടെ ശ്രമം. ഡീലിമിറ്റേഷൻ നിങ്ങൾ തള്ളിക്കളയുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് വനിതാ സംവരണ നിയമ ഭേദഗതിയേയും നിങ്ങൾ തള്ളിപ്പറയുകയാണ്. ഇതിന് ഇന്ത്യയിലെ സ്ത്രീകൾ മാപ്പ് തരില്ല. മുമ്പ് പാസ്സാക്കിയ നിയമത്തിലൊന്നുമില്ലാത്ത പുതിയൊരു പേരും പ്രസംഗങ്ങളിൽ മോദി വനിതാ സംവരണ നിയമത്തിനു കൊടുത്തു- നാരി ശക്തി വന്ദൻ അധീനിയം.ഏതായാലും വനിതാ സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല. നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഒരു ഭരണഘടനാ ഭേദഗതിയും ആവശ്യമില്ല. കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമഭേദഗതി കൊണ്ടുവന്നാൽ നിലവിലുള്ള 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് സംവരണം ചെയ്ത് ഉത്തരവ് ഇറക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതായിരിക്കണം പ്രതിപക്ഷത്തിന്റെ പ്രതികരണം.The post സ്ത്രീ സംവരണത്തിന്റെ പേരിൽ ബിജെപി ശ്രമിക്കുന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ: ഡോ. ടി എം തോമസ് ഐസക് appeared first on Kairali News | Kairali News Live.