അമിതമായ ബാഹ്യ ഇടപെടലുകളും കാര്യക്ഷമതയില്ലായ്മയും ഇന്ത്യൻ സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമാവുന്നു: യുണൈറ്റഡ് പേരെന്റ്സ് പാനൽ

Wait 5 sec.

മനാമ: ഇന്ത്യൻ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളല്ലാത്ത ബാഹ്യശക്തികളുടെ അമിതമായ ഇടപെടലുകളും നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് യുണൈറ്റഡ് പേരെന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്കൂളിലെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും ഭരണപരമായ വീഴ്ചകളെക്കുറിച്ചും രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടെന്ന് നേതാക്കൾ പറഞ്ഞു.മാർച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന നിവേദനങ്ങൾക്ക് മറുപടി നൽകാതിരിക്കുക, 20 ദിനാർ മാത്രം കുടിശ്ശികയുള്ളവരെ പോലും ഓൺലൈൻ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തുക തുടങ്ങിയ നടപടികൾ പ്രതിഷേധാർഹമാണ്. രണ്ട് മാസം വരെ കുടിശ്ശികയുള്ളവർക്ക് വിലക്കേർപ്പെടുത്തരുതെന്ന മുൻ ജനറൽ ബോഡി തീരുമാനം ലംഘിക്കപ്പെടുകയാണ്. സയൻസ്, പ്രാക്ടിക്കൽ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 19 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു.ജെ.ഇ.ഇ പരീക്ഷാ കേന്ദ്രം അനുവദിച്ചതിൽ ഇന്ത്യൻ അംബാസഡറുടെയും മറ്റും കൂട്ടായ ശ്രമങ്ങളെ നിസ്സാരവൽക്കരിച്ച് ഒരു സ്വകാര്യ ഗ്രൂപ്പിന് മാത്രം ക്രെഡിറ്റ് നൽകുന്ന പ്രചാരണം തെറ്റാണെന്ന് യു.പി.പി ചൂണ്ടിക്കാട്ടി. മെഗാ ഫെയറിലെ വരുമാനം ഒരു ലക്ഷം ദിനാറിൽ നിന്ന് 40,000 ആയി കുറഞ്ഞതും, അർഹമല്ലാത്തവർക്ക് സ്വന്തക്കാരായത് കൊണ്ട് ഫീസ് ഇളവ് നൽകുന്നതും കമ്മിറ്റിയുടെ വീഴ്ചയാണ്. റിഫ കാമ്പസ് ലോൺ 2026 മാർച്ചിൽ അവസാനിക്കാനിരിക്കെ, ഏപ്രിൽ മുതൽ ഇൻഫ്രാസ്ട്രക്ചർ ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പാഠപുസ്തകങ്ങളുടെ ലഭ്യതക്കുറവ്, ഐടി മേഖലയിൽ രക്ഷിതാക്കളല്ലാത്തവരുടെ ഇടപെടൽ, പാരന്റ് പോർട്ടൽ ആക്‌സസ് നിഷേധിക്കൽ, ഓൺലൈൻ പേയ്‌മെന്റ് സൗകര്യം തടയൽ തുടങ്ങിയ പ്രശ്നങ്ങളും യു.പി.പി ഉന്നയിച്ചു. സീനിയർ സ്റ്റാഫുകളെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒഴിവാക്കുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്നും ഈ പോരായ്മകൾ തിരുത്തിയില്ലെങ്കിൽ വലിയ തകർച്ചയാകും ഫലമെന്നും യു.പി.പി മുന്നറിയിപ്പ് നൽകി. ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, എഫ്.എം. ഫൈസൽ, ഹാരിസ് പഴയങ്ങാടി, ജാവേദ് പാഷ, ഡോക്ടര്‍ ശ്രീദേവി, ചന്ദ്രബോസ്, മന്‍ഷീര്‍, സുനീഷ് സുശീലൻ അനസ് റഹീം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.The post അമിതമായ ബാഹ്യ ഇടപെടലുകളും കാര്യക്ഷമതയില്ലായ്മയും ഇന്ത്യൻ സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമാവുന്നു: യുണൈറ്റഡ് പേരെന്റ്സ് പാനൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.