യുക്രൈന്‍ തലസ്ഥാനത്ത് വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ ഏഴു മരണം

Wait 5 sec.

കീവ്  | യുക്രൈന്‍ തലസ്ഥാനമായി കീവില്‍ ശനിയാഴ്ച അക്രമി നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയ അക്രമി പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. മണിക്കൂറുകളോളം നീണ്ടുനിന്ന നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ സുരക്ഷാ സേന കെട്ടിടം തകര്‍ത്ത് അകത്തുകയറിയാണ് അക്രമിയെ വധിച്ചത്.ആദ്യം പൊതുസ്ഥലത്ത് വെടിയുതിര്‍ത്ത അക്രമി പിന്നീട് ഒരു സ്റ്റോറിനുള്ളില്‍ കടന്ന് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. അക്രമിയുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോലീസ് കെട്ടിടത്തില്‍ പ്രവേശിച്ചു. പോലീസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമി കൊല്ലപ്പെട്ടത്.അക്രമി തെരുവില്‍ വെച്ച് നാല് പേരെ കൊലപ്പെടുത്തിയെന്നും പിന്നീട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഒരാളെ കൂടി വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു യുവതി കൂടി മരിച്ചതോടെ ആകെ മരണസംഖ്യ ആറായതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ സ്ഥിരീകരിച്ചു.അക്രമി ഉപയോഗിച്ചത് നിയമപരമായി രജിസ്റ്റര്‍ ചെയ്ത കാര്‍ബൈന്‍ തോക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.കീവിലെ ഹോളോസിവ്‌സ്‌കി ഡിസ്ട്രിക്റ്റിലായിരുന്നു സംഭവം. വെടിവെപ്പ് തുടരുന്നതിനിടെ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ പോലീസ് പ്രവേശിക്കുന്നതിന്റെയും പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.