ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്

Wait 5 sec.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട 131ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരാജയം ബി ജെ പിക്കും മോദി പ്രഭാവത്തിനുമേറ്റ കനത്ത പ്രഹരമാണ്. കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായാണ് എൻ ഡി എ സർക്കാർ ഒരു നിയമനിർമാണത്തിൽ പരാജയം രുചിക്കുന്നത്. ഇത് കേവലം ഒരു സാങ്കേതിക പരാജയമല്ല; മറിച്ച്, ഏകപക്ഷീയമായി നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന് ജനകീയ പ്രതിരോധം നൽകിയ തിരിച്ചടിയാണ്. ജനാധിപത്യത്തിന്റെയും ഫെഡറൽ മൂല്യങ്ങളുടെയും വിജയവും. മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ സ്വേച്ഛാപരമായ തീരുമാനത്തിനു മേൽ ജനകീയ പ്രതിരോധം നേടിയ ഉജ്ജ്വല വിജയമായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.നോട്ടുനിരോധം മുതൽ കർഷക നിയമങ്ങൾ വരെയും ആർട്ടിക്കിൽ 370 റദ്ദാക്കൽ മുതൽ പൗരത്വ ഭേദഗതി നിയമം വരെയുമുള്ള നിർണായകവും സങ്കീർണവും കടുത്ത വിവാദങ്ങൾ സൃഷ്ടിച്ചതുമായ ബില്ലുകൾ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകളെ മറികടന്ന് രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ പാസ്സാക്കിയ സർക്കാറാണിത്. പ്രതിപക്ഷ നിരയിലെ വിള്ളലുകൾ ചൂഷണം ചെയ്തും ചില പ്രാദേശിക പാർട്ടികളെ കൈയിലെടുത്തുമാണ് അത്തരം ബില്ലുകളിൽ സർക്കാറിനു വിജയിക്കാനായത്. ഇത്തവണ പ്രതിപക്ഷം ഒറ്റക്കെട്ടായതോടെ അത്തരം തന്ത്രങ്ങളൊന്നും ഫലിച്ചില്ല. ഭരണഘടനാ ഭേദഗതി ബില്ലിന്റെ ലക്ഷ്യം വനിതാ സംവരണമാണ് എന്നാണ് സർക്കാർ ഭാഷ്യമെങ്കിലും അതിനെ മണ്ഡല പുനർവിഭജനവുമായി ബന്ധിപ്പിച്ചതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാണിക്കാൻ പ്രതിപക്ഷത്തിനായി. മണ്ഡല പുനർനിർണയം നടപ്പായാൽ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാകുമെന്ന് പ്രതിപക്ഷ കക്ഷികൾ തിരിച്ചറിഞ്ഞതാണ് ഇന്ത്യാ സഖ്യത്തിൽ മുമ്പൊന്നുമില്ലാത്ത വിധം ഐക്യം പ്രകടമാകാൻ ഇടയാക്കിയത്. ഒരു വ്യാഴവട്ടക്കാലത്തെ മോദി സർക്കാറിന്റെ ജൈത്രയാത്രക്കാണ് ഇതോടെ കനത്ത പ്രഹരമേറ്റത്. വിയോജിപ്പുകളും സംവാദങ്ങളും ജനാധിപത്യത്തിന്റെ അന്തസ്സത്തയാണെന്നും അതിനെ അവഗണിച്ച് മുന്നോട്ടുപോകുന്നത് തിരിച്ചടിക്ക് കാരണമാകുമെന്നും സർക്കാറിനെ ഇതോർമിപ്പിക്കുന്നു.അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതും ഗൗരവമേറിയതുമായ മണ്ഡല പുനർനിർണയം സംസ്ഥാനങ്ങളുമായോ പ്രതിപക്ഷ കക്ഷികളുമായോ വിശദമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസ്സാക്കിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് സർക്കാറിന് സംഭവിച്ച വലിയ അബദ്ധം. പേരിന് പ്രതിപക്ഷത്തെ ഏതാനും കക്ഷികളുമായി നാമമാത്ര ചർച്ചകൾ മാത്രമാണ് സർക്കാർ നടത്തിയത്. ഈ ചർച്ചകളിൽ പല വിശദാംശങ്ങളും നിർണായക വ്യവസ്ഥകളും അറിയിച്ചതുമില്ല. വിവാദ ബില്ലുകളിൽ പരമാവധി അഭിപ്രായസമന്വയത്തിന് ശ്രമിക്കുകയെന്ന മുൻകാല സർക്കാറുകളുടെ രീതി ലംഘിക്കപ്പെട്ടു.ഏകപക്ഷീയമായ കടന്നാക്രമണമല്ല ജനാധിപത്യം. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളും വികാരങ്ങളും മാനിച്ചുകൊണ്ടുള്ള നിയമനിർമാണങ്ങളാണ് ജനാധിപത്യം വിഭാവനം ചെയ്യുന്നത്. പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യമില്ലെന്ന പ്രശസ്ത രാഷ്ട്രീയ മീമാംസകൻ ഫ്രാൻസെസ് ജെന്നിംഗ്‌സിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയോളം സീറ്റുകൾ ലഭിച്ചില്ലെന്നത് കൊണ്ട് പ്രതിപക്ഷത്തിന് ഭരണതലത്തിൽ പങ്കാളിത്തം ലഭിക്കുന്നില്ലെങ്കിലും അവരും ജനഹിതത്തിന്റെ കാവലാളുകൾ തന്നെയാണ്. പലപ്പോഴും രണ്ടോ മൂന്നോ ശതമാനം വോട്ടിന്റെ വ്യത്യാസത്തിനാണ് പ്രതിപക്ഷം ഭരണരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരുന്നതെന്ന കാര്യം അധികാരം കൈയാളുന്നവർ ഓർക്കേണ്ടതുണ്ട്.പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, ബില്ലിന്റെ പരാജയം പ്രതിപക്ഷത്തിനെതിരെ സ്ത്രീവിരുദ്ധത ആരോപിക്കാൻ ബി ജെ പിക്ക് അവസരമൊരുക്കുമെങ്കിലും ബംഗാളിലും തമിഴ്‌നാട്ടിലും അത് ഫലപ്പെടാൻ പ്രയാസമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് ഇത്തവണ വനിതാ സ്ഥാനാർഥികൾക്ക് മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. മണ്ഡല പുനർനിർണയം ദേശീയ രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രസക്തി ഇല്ലാതാക്കുമെന്ന ഡി എം കെയുടെ പ്രചാരണം തമിഴരെ നന്നായി സ്വാധീനിച്ച സാഹചര്യത്തിൽ അവിടെയും സ്ത്രീവിരുദ്ധ പ്രചാരണം വേണ്ടത്ര ഏശാനിടയില്ല.പ്രത്യയശാസ്ത്രപരവും പ്രാദേശികവുമായ വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങൾക്കായി ഒന്നിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ആശ്വാസമാണ്. ദുർബലമായ പ്രതിപക്ഷമായിരുന്നു കഴിഞ്ഞ കുറേ വർഷമായി ഇന്ത്യൻ ജനാധിപത്യം നേരിട്ട വെല്ലുവിളികളിലൊന്ന്. മണ്ഡല പുനർനിർണയ വിഷയത്തിൽ ഈ ദുരവസ്ഥ ഇല്ലാതാക്കാനായി. ഇന്ത്യാ സഖ്യം അതിന്റെ രൂപവത്കരണത്തിനു ശേഷം കൈവരിച്ച ഏറ്റവും വലിയ പാർലിമെന്ററി വിജയമാണിത്. ഭാവിയിൽ സുപ്രധാന വിഷയങ്ങളിലെങ്കിലും ഈ ഏകോപനം തുടരേണ്ടതുണ്ട്.ബില്ലിന്റെ പരാജയം ഭരണപക്ഷത്തിന്റ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുകയും പ്രതിപക്ഷത്തിന് ഗുണകരമായി ഭവിക്കുകയും ചെയ്യുമെന്നാണ് രാഷ്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബി ജെ പി ഇന്ത്യൻ രാഷ്ട്രീയത്തിലെ അജയ്യ ശക്തിയെന്ന ധാരണ തകർന്ന സാഹചര്യത്തിൽ ബി ജെ പിയുമായുള്ള എൻ ഡി എ ഘടകക്ഷികളുടെ വിലപേശൽ ശക്തിപ്പെടുകയും അടുത്ത തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾക്കായി അവർ സമ്മർദം ചെലുത്തുകയും ചെയ്യും. ഒന്നിച്ചുനിന്നാൽ നിയമനിർമാണം വരെ പ്രതിരോധിക്കാനാകുമെന്ന ബോധ്യം വലിയ ആത്മവിശ്വാസമാണ് പ്രതിപക്ഷ കക്ഷികൾക്ക് നൽകിയത്. താഴേത്തട്ടിലുള്ള പ്രവർത്തകരെയടക്കം ഇത് പ്രവർത്തനരംഗത്ത് ഊർജ്വസ്വലരാക്കുകയും തിരഞ്ഞെടുപ്പുകളിലടക്കം പ്രതിഫലിക്കുകയും ചെയ്യും. ഇന്ത്യൻ രാഷട്രീയത്തിലെ ഒരു വഴിത്തിരവായി പരിണമിക്കാനിടയുണ്ട് ഈ ബില്ലിന്റെ പരാജയം.