പ്രിയപ്പെട്ടവരുടെ ഓർമയിൽ ഇനി മൂന്ന് അധ്യാപകർ മാത്രം

Wait 5 sec.

മലപ്പുറം | “നിങ്ങൾ ഇങ്ങനെ കിടന്നുറങ്ങിക്കോ, ഞങ്ങൾ ടൂർ പോകാൻ തുടങ്ങി…’ എന്നതായിരുന്നു യാത്ര പുറപ്പെട്ട ദിവസം പുലർച്ചെ 5.30ന് അധ്യാപികയായ സാജിദ അയച്ച ശബ്ദസന്ദേശം. റസീനയുടെ ഫോണിലെത്തിയ ആ ശബ്ദസന്ദേശം ഇപ്പോൾ ഒരു തീരാനോവായി മാറിയിരിക്കുകയാണ്. “നിങ്ങൾ അടിച്ചുപൊളിക്ക്’ എന്ന് സ്‌മൈലി സഹിതം റസീന നൽകിയ മറുപടിയും പിന്നീട് സ്‌കൂൾ ഗ്രൂപ്പുകളിൽ വന്ന ചിരിച്ചുള്ള ചിത്രങ്ങളും ആ യാത്രയിലെ അവസാന സന്തോഷങ്ങളായിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അപകടം സംഭവിച്ച വിവരം അറിയുന്നത്.പാങ്ങ് ജി എൽ പി സ്‌കൂളിലെ അധ്യാപകർ ഇപ്പോഴും ആ വലിയ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. സന്തോഷത്തോടെ വിനോദയാത്രക്ക് പോയ സഹപ്രവർത്തകരുടെ ചേതനയറ്റ ശരീരം കാണേണ്ടിവന്നതിന്റെ വിങ്ങലിലാണ് ഹസനത്തും യശോദയും റസീനയും. ഇനി സ്കൂളിലെ വിദ്യാർഥികൾക്ക് അറിവ് നുകരാനായി ബാക്കിയുള്ളത് മൂന്ന് അധ്യാപികമാർ മാത്രം.ഹസനത്ത് ഒന്നാം ക്ലാസ്സിലെയും യശോദയും റസീനയും പ്രീ പ്രൈമറി സ്‌കൂളിലെയും അധ്യാപകരാണ്. സ്‌കൂളിലെ എല്ലാ വിനോദയാത്രകളിലും മുൻപന്തിയിൽ ഉണ്ടാകാറുള്ളവരാണ് ഇവർ. ഇത്തവണയും എല്ലാവരും ഒന്നിച്ച് പോകാമെന്ന് തീരുമാനിച്ചതാണ്. യാത്രക്ക് ഏറ്റവും കൂടുതൽ മുൻകൈയെടുത്തത് ആശയും സാജിദയുമായിരുന്നു. എന്നാൽ ഹജ്ജിന് പോകാനുള്ള തയ്യാറെടുപ്പിലായതിനാൽ ഒമ്പത് വർഷമായി അവിടെ ജോലി ചെയ്യുന്ന ഹസനത്തിന് യാത്രയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ശാരീരിക അസ്വസ്ഥതകൾ കാരണമാണ് യശോദ പോകാതിരുന്നത്. റസീനയാകട്ടെ എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും എന്തോ ഒരു നിമിത്തം പോലെ അവസാനനിമിഷം പിന്തിരിയുകയായിരുന്നു. “ഇവിടെ കിടത്തിയവരുടെ കൂട്ടത്തിൽ നിർജീവമായി ഞങ്ങളും ഉണ്ടാകുമായിരുന്നു’ എന്ന് പറയുമ്പോൾ ഹസനത്തിന്റെ വാക്കുകൾ ഇടറിയിരുന്നു.അവധിക്കാലമാണെങ്കിലും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇടക്കിടെ സ്‌കൂളിലെത്താറുണ്ടായിരുന്നു. തിങ്കളാഴ്ചയും പതിവുപോലെ ഒത്തുകൂടണമെന്ന് തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് സ്‌കൂളിലെ കുട്ടികൾക്കൊപ്പം ഊട്ടിയിലേക്കും തൃശൂരിലേക്കും നടത്തിയ ഉല്ലാസയാത്രയുടെ സ്മരണകൾ മായുംമുമ്പേയാണ് അധ്യാപകർ മാത്രമായുള്ള യാത്ര സംഘടിപ്പിച്ചത്. എല്ലാ വർഷവും പതിവുള്ളതാണ് അധ്യാപകരുടെ ഒത്തുചേരൽ യാത്രകൾ. അടുത്തമാസം സ്‌കൂളിലെ പുതിയ പ്രവേശന പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്പ് ഈ മാസം തന്നെ യാത്ര പോകാമെന്ന തീരുമാനത്തിൽ അതിരപ്പിള്ളിയും വാൽപ്പാറയും ലക്ഷ്യമിട്ട് ഇറങ്ങിയതായിരുന്നു അവർ. എന്നാൽ ആ ചിരിയും വർത്തമാനങ്ങളും വഴിയിലൊടുങ്ങുമെന്നും അത് തങ്ങളുടെ അവസാന യാത്രയാകുമെന്നും ആരും കരുതിയിരുന്നില്ല. ബാക്കിയുള്ള മറ്റൊരാൾ പ്യൂൺ ഗോപാലനാണ്. അദ്ദേഹവും അസൗകര്യത്തെ തുടർന്നാണ് യാത്രയിൽ കൂടാതിരുന്നത്.