പ്രിയഗുരുവിനു മുന്നിൽ വിറങ്ങലിച്ച് സ്വബീഹും കൂട്ടുകാരും

Wait 5 sec.

കൊളത്തൂർ | തങ്ങളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തിയ പ്രിയപ്പെട്ട അധ്യാപകൻ മജീദ് ഇന്ന് നിശബ്ദനായി കിടക്കുകയാണ്. അമ്പലപ്പറമ്പ് ഗവ. സ്‌കൂൾ മുറ്റത്ത് ഒരുക്കിയ പൊതുദർശന വേദിയിൽ, അവസാനമായി ഒരു നോക്കു കാണാൻ എത്തിയവരുടെ തിരക്കിനിടയിൽ ശിലകണക്കെ നാലുപേർ നിന്നിരുന്നു സ്വബീഹ്, മുഹമ്മദ് റസൽ, നാഹിൽ, ശിഫിൻ. ക്ലാസ്സ് മുറിയിൽ പുഞ്ചിരിയോടെ അറിവു പകർന്നുനൽകേണ്ട അധ്യാപകന്‍, വെള്ളത്തുണിയിൽ പൊതിഞ്ഞ ആ ചില്ലുകൂടിനുള്ളിൽ നിശ്ചലനായി കിടക്കുന്നത് വിശ്വസിക്കാനാകാതെ അവർ വിതുമ്പുകയായിരുന്നു. ഒരു വിനോദയാത്ര ഇത്രമേൽ വലിയൊരു ദുരന്തമാകുമെന്ന് ഈ കുരുന്നുകൾ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. പൊതുദർശനത്തിന് വെച്ച മജീദിന്റെയും മറ്റ് അധ്യാപകരുടെയും ഭൗതികദേഹത്തിന് മുന്നിൽ എത്തിയപ്പോൾ ആ പിഞ്ചുമനസ്സുകളുടെ നിയന്ത്രണംവിട്ടു. മജീദിന്റെ വിയോഗം ഇവർക്ക് കേവലം ഒരു അധ്യാപകന്റെ നഷ്ടമല്ല; തങ്ങളുടെ സ്വപ്‌നങ്ങൾക്ക് നിറം നൽകിയ വഴികാട്ടിയുടെ അസ്തമയമാണ്.സ്വബീഹും കൂട്ടുകാരും പരസ്പരം കൈകൾ കോർത്തുപിടിച്ച് ആ ചില്ലുക്കൂടിന് അരികിൽ നിൽക്കുമ്പോൾ കണ്ടുനിന്നവരുടെ പോലും കണ്ണുകൾ ഈറനണിഞ്ഞു. പാഠപുസ്തകത്തിലെ കഠിനമായ ചോദ്യങ്ങൾക്ക് നിഷ്പ്രയാസം ഉത്തരം നൽകിത്തന്നിരുന്ന പ്രിയ ഗുരു, ജീവിതത്തിലെ ഈ വലിയ സങ്കടത്തിന് ഉത്തരം നൽകാതെ മടങ്ങിപ്പോകുന്നത് അവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പതിയെ ആംബുലൻസ് നീങ്ങുമ്പോൾ, ഉയർന്നുകേട്ട വിലാപങ്ങൾക്കിടയിൽ തന്റെ അധ്യാപകനെ അവസാനമായി ഒരുനോക്കു കൂടി കാണാൻ ആൾക്കൂട്ടത്തിനിടയിലൂടെ അവർ പാഞ്ഞു. അപ്പോഴും അവരുടെ മനസ്സിൽ മാസ്റ്റർ ക്ലാസ്സിൽ പറഞ്ഞുതന്ന ആ പഴയ കഥകളും സ്‌നേഹത്തോടെയുള്ള ശകാരങ്ങളും ഒരു വിങ്ങലായി തങ്ങിനിൽക്കുന്നുണ്ടായിരുന്നു.