ഇറാനു നേരെ യു എസും ഇസ്‌റാഈലും നടത്തുന്ന ആക്രമണം തത്കാലം അവസാനിക്കുമെന്നും ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം സാധാരണ നിലയിലാകുമെന്നും അറബ് രാജ്യങ്ങളിൽ ഭീതിയൊഴിയുമെന്നും പ്രതീക്ഷിക്കാവുന്ന സംഭവവികാസങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഹോർമുസ് തുറന്നതിൽ നിന്ന് യു എസ് ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടി ഇറാൻ പിൻവാങ്ങിയെങ്കിലും പലതലങ്ങളിൽ തുടരുന്ന സംഭാഷണങ്ങളിലൂടെ തടസ്സങ്ങൾ നീങ്ങുമെന്ന് തന്നെയാണ് കരുതേണ്ടത്. സംഘർഷം അവസാനിപ്പിക്കുകയല്ലാതെ ട്രംപിന് വേറെ വഴിയില്ല. ഇറാനും വിട്ടുവീഴ്ചയുടെ പാതയിലാണ്. 20 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണല്ലോ ട്രംപിന്റെ സുപ്രധാന ആവശ്യം. എന്നുവെച്ചാൽ ഇറാന്റെ ആണവ പരീക്ഷണം അവസാനിപ്പിക്കേണ്ടതില്ല, തത്കാലം നിർത്തിയാൽ മതിയെന്നിടത്തേക്ക് യു എസ് അയഞ്ഞിട്ടുണ്ട്. ആണവ പരിപാടിക്ക് അഞ്ച് വർഷം ഇടവേളയാകാമെന്നാണ് ഇറാന്റെ മറുപടി. ആണവ പരീക്ഷണത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിൽ നിന്ന് അവരും അയഞ്ഞുവെന്ന് ചുരുക്കം. ലബനാനിൽ താത്കാലിക വെടിനിർത്തലിന് ട്രംപ് നൽകിയ നിർദേശം അംഗീകരിക്കാൻ ഇസ്‌റാഈലും സന്നദ്ധമായിരിക്കുന്നു. നെതന്യാഹുവിന്റെ വാക്കുകേട്ട് ആക്രമണത്തിലേക്ക് എടുത്തുചാടിയതിലൂടെ ട്രംപ് എന്ത് നേടിയെന്ന ചോദ്യം ഈ ഘട്ടത്തിൽ പല രൂപത്തിൽ ഉയരുന്നുണ്ട്. സാമ്പത്തിക, സൈനിക നഷ്ടങ്ങളുടെയും അപമാനത്തിന്റെയും പരിഹാസ്യതയുടെയും ബന്ധവിച്ഛേദനത്തിന്റെയും നിരവധി ഉത്തരങ്ങൾ ഒറ്റ മാത്രയിലെ ആലോചനയിൽ തന്നെ ചികഞ്ഞെടുക്കാവുന്നതാണ്. അവയിൽ ഏറ്റവും മുന്നിട്ടുനിൽക്കുക ആരെ ഒതുക്കാനാണോ ട്രംപ് ഇറാനെ ലക്ഷ്യമിട്ടത് ആ ശക്തി കൂടുതൽ നേട്ടങ്ങളോടെ വിജയിച്ച് നിൽക്കുന്നുവെന്നതാണ്- ചൈനയുടെ നിശബ്ദ നേട്ടങ്ങളെ കുറിച്ചോർത്താകും ട്രംപിന് വലിയ ഇച്ഛാഭംഗമുണ്ടാകുക.ലോകത്തെ ഏറ്റവും ഫലപ്രദമായ നിരീക്ഷണ ശേഷിയുള്ളതെന്ന് കരുതപ്പെടുന്ന റഡാർ ഡോം ഘടിപ്പിച്ച അമേരിക്കൻ യുദ്ധവിമാനമാണ് ഇ-3 സെൻട്രി. അൽഖർജിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ ഇത്തരത്തിലൊരു വിമാനം ഇറാൻ തകർത്തത് വല്ലാത്ത ഞെട്ടലാണ് യു എസിനുണ്ടാക്കിയത്. മറ്റൊന്നിന് കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇറാന്റെ പ്രഹരശേഷി കണക്കുകൂട്ടലുകൾക്ക് അപ്പുറമാണെന്നും പല കേന്ദ്രങ്ങളിൽ നിന്ന് ഇറാന് സഹായം ലഭിക്കുന്നുണ്ടെന്നും യു എസിന് മനസ്സിലാക്കിക്കൊടുത്തു ഇ-3 സെൻട്രി നഷ്ടം. ഈ നീക്കത്തിൽ ഇറാന് ചൈനീസ് ഉപഗ്രഹ സ്ഥാപനമായ മിസാർ വിഷന്റെ സഹായം കിട്ടിയെന്ന് പിന്നീട് വ്യക്തമായി. ഖര മിസൈൽ പ്രൊപ്പല്ലന്റിന് ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് ചൈന ഇറാന് നൽകിയതായും ഡെയ്്ലി ടെലിഗ്രാഫ് റിപോർട്ട് ചെയ്തു. ഇത് ചില ഉദാഹരണങ്ങൾ മാത്രമാണ്. സൈനികമായും സാമ്പത്തികമായും മനസികമായും ചൈനയുടെ പിൻബലം ഇറാനുണ്ടായിരുന്നു. അഥവാ ചൈനയുടെ കൂടി യുദ്ധമാണിത്, അവർ നേരിട്ടിറങ്ങിയില്ലെങ്കിലും.താരിഫ് യുദ്ധത്തിൽ ചൈനയോട് എതിരിട്ട് വശംകെട്ട ട്രംപ് മുന്നോട്ടുള്ള വഴി തേടിയാണ് ഇക്കഴിഞ്ഞ മാർച്ച് അവസാനം ചൈനീസ് പ്രസിഡന്റ്ഷി ജിൻ പിംഗുമായി കൂടിക്കാഴ്ചക്കൊരുങ്ങിയത്. പശ്ചിമേഷ്യൻ സംഘർഷം ആ കൂടിക്കാഴ്ച അസാധ്യമാക്കി. അതോടെ മേയിലേക്ക് ഉച്ചകോടി മാറ്റി. അടുത്ത മാസം നടക്കുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെങ്കിലും ട്രംപിന് ഒരു മേൽക്കൈയും അവകാശപ്പെടാനില്ലാത്ത യുദ്ധവിരാമ കരാറാണ് ഇറാനുമായി ഒപ്പുവെക്കാൻ പോകുന്നതെങ്കിൽ ട്രംപ് ഒരുപക്ഷേ ബീജിംഗ് യാത്ര വേണ്ടെന്ന് വെച്ചേക്കാം. ഇറാനെ ആക്രമിക്കുമ്പോൾ ഭരണമാറ്റം, ആണവ പരിപാടി തകർക്കൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് പുറത്തേക്ക് പറഞ്ഞതെങ്കിലും ചൈനക്ക് അടി കൊടുക്കുക എന്ന ലക്ഷ്യം കൂടി അകത്തുണ്ടായിരുന്നു. “ആക്‌സിസ് ഓഫ് കയോസി’ന്റെ കേന്ദ്രം തകർക്കുകയായിരുന്നു ലക്ഷ്യം. ഇറാൻ, ഉത്തര കൊറിയ, ചൈന, റഷ്യ എന്നിവയെ ചേർത്താണ് കുഴപ്പത്തിന്റെ അച്ചുതണ്ടെന്ന് ട്രംപ് ഭരണകൂടം വിളിച്ചത്. “ചൈനയുടെ സുഹൃത്തായ വെനസ്വേലയെ ഞങ്ങൾ വരുതിയിലാക്കി, ഇനി മറ്റൊരു വിശിഷ്ട സുഹൃത്ത്’ എന്നാണ് ഇറാൻ ആക്രമണം തുടങ്ങിയപ്പോൾ, ഒന്നാം ട്രംപ് ഭരണകൂടത്തിലെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാറ്റ് പോട്ടിംഗർ പറഞ്ഞത്. എന്നിട്ടിപ്പോൾ ഇറാൻ- ചൈനാ ബന്ധത്തിലോ വിഭവ കൈമാറ്റത്തിലോ സാമ്പത്തിക സഹകരണത്തിലോ ഒരു പരുക്കും വരുത്താൻ സാധിച്ചിട്ടില്ലെന്ന് വന്നാൽ ട്രംപ് എങ്ങനെ സഹിക്കും? ഹോർമുസ് ചൈനക്ക് മുന്നിൽ അടഞ്ഞതേയില്ല. ബീജിംഗിലേക്ക് ഇറാനിയൻ എണ്ണയൊഴുക്ക് നിലച്ചതുമില്ല.സൈനികമായി ചൈനക്ക് ആളൊഴിഞ്ഞ ഗോൾ പോസ്റ്റ് സമ്മാനിക്കുകയാണ് ഇറാൻ ആക്രമണത്തിലൂടെ യു എസ് ചെയ്തതെന്ന് യുദ്ധവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്തോ പസഫിക്കിൽ സജ്ജമാക്കി നിർത്തിയിരുന്ന യു എസ് എസ് എബ്രഹാം ലിങ്കൺ അടക്കമുള്ള സന്നാഹങ്ങളെയാണ് പിൻവലിച്ച് ഇറാനെ പേടിപ്പിക്കാൻ കൊണ്ടുപോയത്. സൗത്ത് ചൈനാ കടലിലും തായ്‌വാനിലും ഫിലിപ്പൈൻസിലും ജപ്പാനിലും ദക്ഷിണ കൊറിയയിലുമെല്ലാമുള്ള യു എസ് താത്പര്യങ്ങളുടെ സംരക്ഷണമായിരുന്നു ഈ സന്നാഹങ്ങളുടെ യഥാർഥ ദൗത്യം. ഇപ്പോൾ ചൈനയുടെ ഏകഛത്രാധിപത്യമാണ് അവിടെയുള്ളത്. ഇവയെല്ലാം തിരിച്ച് വിന്യസിക്കുകയെന്നത് അത്ര വേഗം സാധ്യമാകുന്ന ഒന്നല്ല.ചൈനയുടെ ബന്ധുബലം കൂടുതൽ ശക്തമാകുകയും കർട്ടന് പിറകിലെ നയതന്ത്രത്തിലൂടെ അതിന് പ്രായോഗികരൂപം നൽകുകയും ചെയ്തപ്പോൾ യു എസ് എല്ലാ ബന്ധുക്കളെയും നഷ്ടപ്പെടുത്തുകയായിരുന്നു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതിങ്ങനെ: “നാറ്റോ ഞങ്ങളെ സഹായിച്ചില്ല. ദക്ഷിണ കൊറിയ, ആസ്ത്രേലിയ, ജപ്പാൻ ആരും ഹോർമുസ് വീണ്ടെടുക്കാൻ ഇടപെട്ടില്ല. യൂറോപ്പും കടമ നിർവഹിച്ചില്ല’. പലവട്ടം വാക്കു മാറ്റി പറയുന്ന ഭ്രാന്തൻ പ്രതിച്ഛായയാണ് ട്രംപിനെങ്കിൽ ഒട്ടും സംസാരിക്കാതെ ഇച്ഛാശക്തി പ്രകടിപ്പിച്ച നേതാവായി ഷി ജിൻപിംഗ് മാറി. വളം, പ്ലാസ്റ്റിക് ഉത്പാദന രംഗത്ത് തിരിച്ചടിയുണ്ടായെങ്കിലും സാമ്പത്തിക ആഘാതം മറികടക്കാൻ ചൈനക്കായി. അറബ് മേഖലക്ക് ഇഷ്ട നിക്ഷേപ കേന്ദ്രമായി ചൈന. മറുവശത്ത്, യുദ്ധച്ചെലവ് യു എസിനെ വല്ലാതെ ക്ഷീണിപ്പിച്ചു. തളരുന്ന ഡോളറും ശക്തിപ്പെടുന്ന യുവാനുമാണ് യുദ്ധത്തിന്റെ ബാക്കിപത്രം.