തിരുവനന്തപുരം| ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. കെമിക്കല്‍ ലാബ് ഫലം വന്നതിന് പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. നിലവില്‍ വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയത് മാത്രമാണ് മണിയന്‍പിള്ള രാജുവിനെതിരെയുള്ള കുറ്റം.ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് ഇടിക്കുകയും, ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.