സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാം: ഹൈക്കോടതി

Wait 5 sec.

കൊച്ചി | നഴ്‌സുമാര്‍ പണിമുടക്കരുതെന്നു നേരത്തെ നല്‍കിയ ഉത്തരവ് ഹൈകോടതി നീക്കി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കിയത്. തുടര്‍ന്നു നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയില്‍ കോടതി മുന്‍പ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ചില ആശുപത്രികളില്‍ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്‌മെന്റുകള്‍ക്കു നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളില്‍ നിന്നു സംരക്ഷണം വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.