കോഴിക്കോട് | പൊള്ളാച്ചി-വാല്‍പാറ പാതയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സന്തോഷത്തോടെ പര്യവസാനിക്കേണ്ട ഒരു വിനോദയാത്ര നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അവസാനിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഒരു നാട്ടിന്‍പുറത്തെ പ്രാഥമിക സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകരുടെ ജീവനാണ് ഈ അപകടത്തില്‍ പൊലിഞ്ഞത് എന്നത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വേര്‍പാടിന്റെ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ക്ഷമ കൈവരട്ടെ എന്നും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്കും തുടര്‍ന്ന് കൃത്യമായി ഇടപെട്ട മുഴുവന്‍ മനുഷ്യര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ തുടര്‍ചികിത്സ ഉറപ്പാക്കണമെന്നും, മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.