തൊഴിലിടങ്ങളിലെ അവസാനിക്കാത്ത ചൂഷണങ്ങള്‍

Wait 5 sec.

കര്‍ണാടകയിലെ ഇഞ്ചിത്തോട്ടത്തില്‍ നിന്ന് 18 തൊഴിലാളികളെയാണ് കൊടിയ പീഡനങ്ങളില്‍ നിന്നും അടിമപ്പണിയില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ തുടര്‍ച്ചയായ 16 മണിക്കൂര്‍ ജോലി, രണ്ട് നേരത്തെ നാമമാത്ര ഭക്ഷണം, കുളിക്കാനോ കുടിക്കാനോ വെള്ളമില്ല, പണി കഴിഞ്ഞാല്‍ മുറിയില്‍ പൂട്ടിയിടും, രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊടിയ മര്‍ദനം- ഇതായിരുന്നു തൊഴിലാളികളുടെ ദുരവസ്ഥ. അഞ്ച് വര്‍ഷമായി ഒരു രൂപ പോലും കൂലി ലഭിക്കാതെ അടിമപ്പണി ചെയ്തവരുമുണ്ട് പോലീസ് രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍.കര്‍ണാടകയിലെ മാത്രം അവസ്ഥയല്ല ഇത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇഷ്ടികച്ചൂളകളിലും പഞ്ചാബിലെ പാടശേഖരങ്ങളിലും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ക്വാറികളിലുമെല്ലാം അടിമകള്‍ക്ക് തുല്യം ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിരവധിയുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാന്‍ തലമുറകളായി പണിയെടുക്കുന്ന കുടുംബങ്ങള്‍. നാളെയെക്കുറിച്ച് പ്രതീക്ഷയില്ലാതെ ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നു. തമിഴ്‌നാട്ടിലെ ടെക്‌സ്റ്റയില്‍സ്, സ്പിന്നിംഗ് മില്ലുകളില്‍ നടപ്പുള്ള “സുമംഗലി’ പദ്ധതിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കടുത്ത ചൂഷണത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതാണ്. കൗമാരക്കാരായ പെണ്‍കുട്ടികളെയും അവിവാഹിതരായ സ്ത്രീകളെയുമാണ് “സുമംഗലി’ പദ്ധതിയില്‍ മില്ലുടമകള്‍ ജോലിക്കെടുക്കുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷം വിവാഹാവശ്യാര്‍ഥം ഒരു വലിയ ഒറ്റത്തുകയായി കൂലി നല്‍കാമെന്നാണ് മില്ലുടമകളുടെ വാഗ്ദാനം. മറ്റു ആനുകൂല്യങ്ങളൊന്നുമില്ല. ജോലിക്ക് കയറിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാനോ ബന്ധുക്കളെയോ മറ്റോ കാണാനോ അനുവാദമില്ല. അടിമകളെ പോലെ പകലന്തിയോളം കഠിനാധ്വാനം ചെയ്യണം. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്ത വരികയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ “സുമംഗലി’ പദ്ധതിക്ക് നിരോധമേര്‍പ്പെടുത്തിയെങ്കിലും പല സ്ഥാപനങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപോര്‍ട്ട്.1976ലെ ബോണ്ടഡ് ലേബര്‍ ആക്ട് (അബോളിഷന്‍) പ്രകാരം തൊഴില്‍ മേഖലയിലെ അടിമത്ത രീതികള്‍ നിരോധിക്കുകയും ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇതൊക്കെ നിലനില്‍ക്കുന്നു. രാജ്യം കൈവരിച്ചുവെന്നവകാശപ്പെടുന്ന പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും പുറംമോടിക്ക് പിന്നാമ്പുറത്തുള്ള ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ് ഈ വാര്‍ത്ത വിരല്‍ചൂണ്ടുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ഒരു വിഭാഗം ആളുകള്‍ മുതലാളിത്തത്തിന്റെ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നത് രാജ്യത്തിനാകമാനം അപമാനകരമാണ്.ആകര്‍ഷണീയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഏജന്റുമാര്‍ തൊഴിലിടങ്ങളിലേക്ക് ജോലിക്കാരെ കൊണ്ടുപോകുന്നത്. കര്‍ണാടകയില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തിയവരില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്. 700 രൂപ ദിവസക്കൂലിയും സൗജന്യ താമസവും നല്ല ഭക്ഷണവും വാഗ്ദാനം നല്‍കിയാണ് ഇവരെ കര്‍ണാടക ബേലൂല്‍ താലൂക്കിലെ ചട്‌നഹള്ളി ഗ്രാമത്തിലെത്തിച്ചത്. അവിടെയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ ചതിയില്‍ പെട്ടതായി തൊഴിലാളികള്‍ക്ക് ബോധ്യമായി. 18 പേര്‍ക്ക് താമസിക്കാന്‍ ചെറിയ ഒരു ഹാള്‍ മാത്രം. ശുചിമുറി സൗകര്യമില്ല. മോശം ഭക്ഷണം. കുടിവെള്ളവുമില്ല. കുടിക്കാനുള്ള വെള്ളം കൃഷിയിടത്തില്‍ നിന്ന് കുപ്പിയില്‍ ശേഖരിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. തൊഴിലാളികള്‍ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ കാവലേര്‍പ്പെടുത്തിയിരുന്നു. കൂലി ചോദിച്ചാല്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഒന്നിച്ചു തരാമെന്നു പറഞ്ഞ് മുതലാളി ഒഴിഞ്ഞുമാറും. ഈ ദുരവസ്ഥ തൊഴിലാളികള്‍ ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കാനും പുറംലോകത്ത് എത്തിക്കാതിരിക്കാനും അവരുടെ ഫോണുകളെല്ലാം കൃഷിയുടമ വാങ്ങിവെച്ചിരുന്നു.ഇത്തരം തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ പ്രതികരണം തണുപ്പന്‍ മട്ടിലാണ്. സംഭവം വാര്‍ത്തയായാല്‍ റെയ്ഡ് നടത്തുകയും തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്യുമെങ്കിലും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ അവസാനിക്കുന്നു നിയമ നടപടികള്‍. ശിക്ഷ ഉറപ്പാക്കുന്നത് അത്യപൂര്‍വം. രക്ഷപ്പെടുത്തിയ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതും ചുരുക്കം. അവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും പിന്നെയും ചൂഷണങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ സമഗ്രമായ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വേണ്ടത്. കൃഷിയിടങ്ങളിലും ഫാക്ടറികളിലും സ്ഥിരമായ പരിശോധന നടത്തണം. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഇടനിലക്കാരെ കര്‍ശനമായി നിയന്ത്രിക്കണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും രക്ഷപ്പെടുത്തിയവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയും വേണം. തൊഴിലിനായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ‘സെന്‍ട്രല്‍ രജിസ്ട്രി’ സംവിധാനം കാര്യക്ഷമമാക്കുകയും വേണം.തൊഴില്‍ മേഖലയിലെ അടിമപ്പണി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയുടെ വികസനക്കുതിപ്പില്‍ തൊഴിലാളികളുടെ സ്ഥാനമെവിടെയാണ്? വളര്‍ച്ചയുടെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടോ? ഒരു പറ്റം മുതലാളിമാരുടെ നേട്ടത്തിനായി മറ്റൊരു വിഭാഗത്തിന്റെ ജീവിതം ത്യജിക്കപ്പെടുന്നുവെങ്കില്‍ വികസനത്തെക്കുറിച്ചുള്ള അവകാശവാദത്തിന്റെ പൊള്ളത്തരത്തിലേക്കല്ലേ അത് വിരല്‍ചൂണ്ടുന്നത്? വികസനത്തിന്റെ ഗുണം എല്ലാവരിലേക്കും എത്തുമ്പോഴും ഓരോ പൗരന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുമ്പോഴും മാത്രമേ ജനാധിപത്യം അര്‍ഥപൂര്‍ണമാകുകയുള്ളൂ.