തൃശൂർ | വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 14 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത വൻ സ്ഫോടനത്തിൽ വിറങ്ങലിച്ച് മുണ്ടത്തിക്കോട് ഗ്രാമം. ഇന്നലെ വൈകിട്ട് 3.30ന് കിലോമീറ്ററുകൾ അകലെ വരെ സ്ഫോടന ശബ്ദം കേട്ട് എന്താണുണ്ടായതെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. ഭൂകമ്പമാണോ എന്ന സംശയത്തിനിടയിലാണ് മുണ്ടത്തിക്കോട് പാടത്തെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയാണ് പൊട്ടിത്തെറിച്ചതെന്ന വാർത്ത പരന്നത്.സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ജനൽച്ചില്ലുകൾ പൊട്ടിത്തകരുകയും ചെയ്തു. ശബ്ദം കേട്ട് വീടുകളിൽ നിന്ന് കുട്ടികളുമായി അമ്മമാർ പുറത്തേക്ക് ഓടി. സമീപത്തെ തെങ്ങുകളും കത്തിയിട്ടുണ്ട്.മുണ്ടത്തിക്കോട് പാടശേഖരത്തിന്റെ നടുഭാഗത്തെ വെടിക്കെട്ട് പുരയും വെടിക്കെട്ടിനാവശ്യമായ പടക്കങ്ങൾ, ഗുണ്ട്, അമിട്ട് തുടങ്ങിയ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്നവയുമാണ് പൊട്ടിത്തെറിച്ചത്. കനത്ത ചൂടായതിനാൽ ഏതു ഭാഗത്തുനിന്നാണ് തീ ആളിപ്പടർന്നതെന്ന യാതൊരു നിശ്ചയവുമില്ല.വിവരം അറിഞ്ഞതോടെ പല ഭാഗത്തുനിന്നും ജനങ്ങളുടെ ഒഴുക്കായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും കുന്നംകുളത്തുനിന്നും തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വൻ പോലീസ് സംഘവും ജനങ്ങളും എത്തിയെങ്കിലും തീ അണയാത്തതും ഇടക്കിടെ തുടർ സ്ഫോടനങ്ങൾ ഉണ്ടായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.തുടർന്ന് മണിക്കൂറുകൾക്കുശേഷം ജീവൻ പണയംവെച്ച് അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഒരുവിധം തീ അണച്ചതിനുശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും തൃശൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇതിനിടയിലും പലഭാഗത്തും തീ ഉയരുകയും ചെറിയ സ്ഫോടനങ്ങളുണ്ടാകുകയും ചെയ്തു.മുണ്ടത്തിക്കോട് അഞ്ചേക്കർ പാടത്തിന് നടുവിൽ അഞ്ച് ചെറിയ പടക്കപ്പുരകളിലായാണ് കരിമരുന്നുകൾ ഒരുക്കിയിരുന്നത്. വലിയ കുഴിമിന്നലുകളും ഗുണ്ടുകളും ഡെയ്നകളുമാണ് സ്ഫോടനത്തിൽ പൊട്ടിയത്. അപകടത്തിൽ മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ട് ആംബുലൻസുകൾ വരിവരിയായി സൈറൺ മുഴക്കി മെഡിക്കൽ കോളജിലേക്ക് പാഞ്ഞുകൊണ്ടേയിരുന്നു. മെഡിക്കൽ കോളജിലും എന്തിനും തയ്യാറായി വൻ ജനക്കൂട്ടമുണ്ടായിരുന്നു. അപകടത്തിൽ പൊള്ളലേറ്റവരെ ചികിത്സിക്കാൻ പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ പ്രത്യേക വിഭാഗം തന്നെ തയ്യാറാക്കിയിട്ടുണ്ട്.