പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Wait 5 sec.

തൃശൂര്‍ | കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. അനോഷിന്റെ സഹോദരന്‍ എട്ട് വയസ്സുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.ആല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമീപത്ത് വീണ്ടും പാമ്പിനെ കണ്ടെത്തിയത് ആശങ്കയുണ്ടാക്കി. മരിച്ച ആല്‍ജോയെയും സഹോദരന്‍ പത്തു വയസ്സുകാരന്‍ അനോഷിനെയും കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു.രാത്രി ചൂട് കൂടിയതു കാരണം വീടിന്റെ ഹാളിലാണ് സഹോദരങ്ങള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ട് മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടക്കുകയായിരുന്നു. രാത്രി രണ്ടോടെ കുട്ടികള്‍ വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞ് ഉറക്കത്തില്‍നിന്ന് ഉണരുകയായിരുന്നു. വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദനയെന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റുവെന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നതാണ് കണ്ടത്.