കൊല്‍ക്കത്ത/ ചെന്നൈ | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. അതേസമയം, നിലവില്‍ സംസ്ഥാന നിയമസഭയില്‍ അംഗങ്ങളില്ലാത്ത സി പി എം ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബി ജെ പിക്കായി വന്‍ പ്രചാരണ റാലികള്‍ നയിക്കുന്നത്. മറുഭാഗത്ത് മമതാ ബാനര്‍ജിയും തൃണമൂലിനായി സംസ്ഥാനത്തുടനീളം സജീവമാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് 150 കമ്പനി കേന്ദ്ര സായുധ പോലീസ് സേന കൂടി സംസ്ഥാനത്തെത്തി. ആകെ 2,550 സേനാംഗങ്ങളെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നെത്തിച്ച പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി.തമിഴ്‌നാട്ടില്‍ ഡി എം കെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സും (കോണ്‍ഗ്രസ്സ്, ഡി എം ഡി കെ, വി സി കെ) എ ഐ എ ഡി എം കെ നയിക്കുന്ന നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സും (ബി ജെ പി, പി എം കെ) തമ്മിലായിരിക്കും പ്രധാന മത്സരം. വോട്ടുറപ്പിക്കാന്‍ ദേശീയ നേതാക്കളുടെ വന്‍ നിരയാണ് സംസ്ഥാനത്തെത്തിയത്. വികസന പ്രവര്‍ത്തനങ്ങളുംമണ്ഡല പുനര്‍നിര്‍ണയ ഭീഷണി അടക്കമുള്ള കേന്ദ്ര നടപടികളും ഉയര്‍ത്തിക്കാട്ടിയാണ് ഡി എം കെ അമരക്കാരന്‍ എം കെ സ്റ്റാലിന്‍ തന്റെ മണ്ഡലമായ കൊളത്തൂരില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ഇത്തവണ ഡി എം കെക്കെതിരെയായ പോരാട്ടത്തില്‍ എ ഐ എ ഡി എം കെക്കൊപ്പം നടന്‍ വിജയ്യുടെ ടി വി കെയും ശക്തമായി തന്നെ ഗോദയിലുണ്ട്. ബൂത്തിലേക്കെത്താന്‍ ഇനി കേവലം രണ്ട് നാള്‍ ശേഷിക്കെ പ്രചാരണ ചൂട് അതിന്റെ ഉന്നതിയിലാണ്.