ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകളെ ന്യായീകരിച്ച് കെ സുധാകരന്‍ എം പി. തീരുമാനമെടുക്കുന്നതു വരെ ചര്‍ച്ചയാകാമെന്നും അത് സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയുള്ള സുധാകരന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പ്രതികരണം തേടിയത്.ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് ക്ഷീണമെന്നും പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും വ്യക്തികളല്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി. അതില്‍ എന്താണ് പ്രശ്നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരുണ്ട്. ഫലം വന്നതിനു ശേഷം ചര്‍ച്ച നടത്തുന്നവരുമുണ്ട്. അതിലൊക്കെ എന്താണ് പ്രശ്‌നം. ജനാധിപത്യ സംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആരുടേയും അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല. സ്വീകരിക്കുന്നവര്‍ക്ക് സ്വീകരിക്കാം. വേണ്ടാത്തവര്‍ സ്വീകരിക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.