വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Wait 5 sec.

ടോക്യോ| വടക്കന്‍ ജപ്പാനില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. 10 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. വടക്കന്‍ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തില്‍ വൈകിട്ടോടെയാണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് ടോക്കിയോയില്‍ ഉള്‍പ്പെടെ ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്തുതന്നെ തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദുരന്ത നിവാരണ സംഘത്തെ രൂപീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. 12.5 കോടിയോളം ജനങ്ങളുണ്ട് ജപ്പാനില്‍. വര്‍ഷത്തില്‍ 1,500 ഓളം ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടാറുണ്ട്. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനത്തോളം ഇവിടെയാണ് സംഭവിക്കുന്നത്.