മുണ്ടത്തിക്കോട് സ്‌ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

Wait 5 sec.

തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പാടത്ത് നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കഡാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പോലീസും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജും ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. ഡി എന്‍ എ പരിശോധനയിലൂടെ മാത്രമേ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് കലക്ടര്‍ പറഞ്ഞു. സാംപിള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും മുപ്പതിനും നാല്‍പതിനുമിടയില്‍ എന്നാണ് ഏകദേശ വിവരം. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് നിര്‍മാണ ഷെഡ്ഡുകളിലായി നാല്‍പതോളം പേരാണ് ജോലി ചെയ്തിരുന്നത്.