മുംബൈ | ടാറ്റ മോട്ടോഴ്സ് ഉടമകൾക്ക് ഇനി കാർ കീകൾ കൈയ്യിൽ കരുതേണ്ടതില്ല. ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഉപയോഗിച്ച് ടാറ്റ വാഹനങ്ങൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കുന്ന ആപ്പിളിന്റെ ഡിജിറ്റൽ കാർ കീ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. ഈ സൗകര്യം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വാഹന നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്സ് മാറും.ആപ്പിളിന്റെ ബാക്ക് എൻഡ് സിസ്റ്റത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പേര് ഉൾപ്പെടുത്തിയതായി പ്രമുഖ ടെക് വെബ്സൈറ്റായ മാക് റൂമേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. ആപ്പിൾ വാലറ്റ് ആപ്പിൽ കാർ കീയുടെ ഡിജിറ്റൽ പതിപ്പ് സൂക്ഷിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ അനുവദിക്കും. വാലറ്റ് ആപ്പിൽ ഡിജിറ്റൽ കീ സേവ് ചെയ്തുകഴിഞ്ഞാൽ കാർ ഡോറിലെ എൻ എഫ് സി റീഡറിന് സമീപം ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് കാണിച്ചാൽ മതിയാകും. ഇതിനായി പ്രത്യേക ആപ്പുകൾ തുറക്കേണ്ടതില്ല. ഫെയ്സ് ഐ ഡി പോലുള്ള സുരക്ഷാ പരിശോധനകൾ ഇല്ലാതെ തന്നെ കാർ തുറക്കാൻ സഹായിക്കുന്ന എക്സ്പ്രസ് മോഡ് സൗകര്യവും ഇതിലുണ്ട്.ഉയർന്ന മോഡലുകളിൽ അൾട്രാ വൈഡ് ബാൻഡ് (യു ഡബ്ല്യു ബി) സാങ്കേതികവിദ്യ കൂടി ഉപയോഗിക്കുന്നതോടെ ഐഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുക്കാതെ തന്നെ വാഹനത്തിനടുത്തേക്ക് എത്തുമ്പോൾ കാർ താനേ അൺലോക്ക് ആകുകയും ഉള്ളിൽ കയറി ഉടൻ സ്റ്റാർട്ട് ചെയ്യാനും സാധിക്കും. കൂടാതെ ഐ മെസ്സേജ് വഴി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ കീ ഷെയർ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളായ (ഇ വി) പഞ്ച് ഇ വി, നെക്സോൺ ഇ വി, കാർവ് ഇ വി എന്നിവയിലും ഹാരിയർ, സഫാരി തുടങ്ങിയ പ്രീമിയം മോഡലുകളിലും ഈ ഫീച്ചർ ആദ്യം ലഭ്യമാകുമെന്നാണ് കരുതുന്നത്.ഐഫോൺ എക്സ് എസ് മുതലുള്ള മോഡലുകളിലും ആപ്പിൾ വാച്ച് സീരീസ് 5 മുതലുള്ള വാച്ചുകളിലും അടിസ്ഥാന കാർ കീ സേവനം ലഭ്യമാകും. എന്നാൽ യു ഡബ്ല്യു ബി അടിസ്ഥാനമാക്കിയുള്ള പാസീവ് എൻട്രിക്ക് ഐഫോൺ 11-ഓ അതിന് ശേഷമുള്ള പുതിയ മോഡലുകളോ ആവശ്യമാണ്. ബി എം ഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ഹ്യുണ്ടായ് തുടങ്ങിയ ആഗോള ബ്രാൻഡുകൾക്ക് ശേഷം ഈ ഫീച്ചർ നടപ്പിലാക്കുന്ന പ്രമുഖ കമ്പനിയായി ടാറ്റ മാറുകയാണ്.SummaryTata Motors is set to become the first Indian automaker to integrate Apple’s digital Car Key feature into its vehicles, allowing owners to unlock and start their cars using an iPhone or Apple Watch. The technology, which utilizes NFC and Ultra-Wideband (UWB) standards, will enable seamless access through the Apple Wallet app and allow for digital key sharing via iMessage. This update is expected to roll out initially for Tata’s electric vehicle lineup and premium SUV models like the Safari and Harrier.