തൃശൂര്‍ | മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍ (54) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തും. അതിലൂടെ മാത്രമേ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഡി എന്‍ എ പരിശോധനക്കുള്ള സാംപിള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികളും ആരംഭിച്ചു. രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധനക്കായി ഇന്ന് സംഭവസ്ഥലത്തെത്തും. ഒമ്പത് മണിയോടെ സാമ്പിള്‍ ശേഖരണം തുടങ്ങും.13 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തെങ്കിലും ഏഴ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10 പേര്‍ ഐ സി യുവിലാണ്. ഇവര്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും മുപ്പതിനും നാല്‍പതിനുമിടയില്‍ എന്നാണ് ഏകദേശ വിവരം. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് നിര്‍മാണ ഷെഡ്ഡുകളിലായി നാല്‍പതോളം പേരാണ് ജോലി ചെയ്തിരുന്നത്. ഇവക്ക് ഫയര്‍ സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന് സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.