*40 കേന്ദ്രങ്ങൾ ഗവേഷണത്തിന് സഹകരിക്കുംഅന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുർവേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് മന്ത്രി പറഞ്ഞു. 40 ഓളം സ്ഥാപനങ്ങൾ ഗവേഷണവുമായി സഹകരിക്കാൻ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയൻസ് ആന്റ് ടെക്നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സിസിആർഎഎസുമായി ധാരണപത്രം ഒപ്പിടും. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി ബയോ 360 സയൻസ് പാർക്കും സഹകരിക്കാൻ ധാരണയായി. കാൻസർ ഗവേഷണ രംഗത്ത് മലബാർ കാൻസർ സെന്ററുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആയുർവേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്. ലോക ശ്രദ്ധയുള്ള ആയുർവേദ രംഗത്ത് ഗവേഷണം അനിവാര്യമാണ്. അതിനാലാണ് ഗവേഷണത്തിന് വളരെ പ്രാധാന്യം നൽകി കിഫ്ബി വഴി വലിയ തുക ചെലവഴിച്ച് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നത്. ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം കോവിഡ് കാരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. 2021-22ൽ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഇപ്പോൾ വലിയ രീതിയിൽ മുന്നോട്ട് പോകാനായി. ജനുവരി അവസാനം അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും.ഭാവിയിലെ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളം ആയുർവേദ വെൽനസ് ടൂറിസത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്. ആയുർവേദ രംഗത്ത് തെളിവധിഷ്ഠിതമായി ഡോക്യുമെന്റേഷൻ നടത്തുന്നതിനാണ് പരിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേർന്നിരുന്നു.ആരോഗ്യ രംഗത്ത് വയോജന പരിപാലനം, കാൻസർ കെയർ, പാലിയേറ്റീവ് കെയർ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാൻസർ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം ക്യാമ്പയിൻ നടത്തി. 22 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ് നടത്തി. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തെ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ കൊണ്ടുവരും.ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ രംഗത്ത് വിവിധ സ്ഥാപനങ്ങൾ കൊണ്ടുവരാനായി. അതിൽ പ്രധാനമാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. കേരള സിഡിസിയും, വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചും സ്ഥാപിച്ചു. ഈ സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച ഐഎവി വലിയൊരു മാതൃകയാണ്. മോഡേൺ മെഡിസിനെ പോലെ ആയുർവേദത്തെ നോക്കിക്കാണാൻ കഴിയുന്ന ഒന്നാക്കാൻ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, സിസിആർഎഎസ് ഡയറക്ടർ ജനറൽ ഡോ. രബിനാരായണ ആചാര്യ, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെ. എസ്. പ്രിയ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി. ഡി ശ്രീകുമാർ, ഡോ. രാജ് മോഹൻ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സജി പി ആർ തുടങ്ങിയവർ പങ്കെടുത്തു.