ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി

Wait 5 sec.

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടി. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനായിരിക്കും വിധി. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.ദൈവതുല്ല്യന്‍ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കള്‍ അല്ലെന്നായിരുന്നു എ പത്മകുമാറിന്റെ മറുപടി. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയ്യപ്പന്‍ നോക്കിക്കോളും എന്നായിരുന്നു പത്മകുമാര്‍ പ്രതികരിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു പത്മകുമാറിന്റെ പ്രതികരണം.ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ എസ്‌ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ പത്ത് അംഗങ്ങളായി സംഘം വിപുലീകരിക്കണമെന്ന എസ്ഐടി ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ ഡി മണിയും സുഹൃത്ത് ബാലമുരുകനും ഇന്ന് എസ്ഐടിക്ക് മുന്നില്‍ ഹാജരായി. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.