ബെംഗളുരു|കര്‍ണാടകയിലെ ബെല്ലാരിയില്‍ ബാനര്‍ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് വിവരം.ഭരത് റെഡ്ഡിയുടെ അനുയായികള്‍ ജനാര്‍ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ജനാര്‍ദന റെഡ്ഡിയുടെ അനുയായികള്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കവും കല്ലേറുമുണ്ടായി. ഇതോടെ സംഘര്‍ഷം ശക്തമായി. വിവരമറിഞ്ഞ് ഭരത് റെഡ്ഡിയുടെ അടുത്ത സഹായിയും മുന്‍ മന്ത്രിയുമായ സതീഷ് റെഡ്ഡി സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ സതീഷ് റെഡ്ഡിയുടെ ഗണ്‍മാന്‍ ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.അതേസമയം, ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പൊതുനിരത്തുകളില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭരത് റെഡ്ഡി പറഞ്ഞു. വാല്‍മീകി സമുദായക്കാര്‍ ബാനറുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ കഴിയില്ല. വാല്‍മീകി പരിപാടി നടക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. സംഘര്‍ഷം രാഷ്ട്രീയപ്രേരിതമാണെന്നും ഭരത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.