തിരുവനന്തപുരം | ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപിള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം നേതാക്കളെ ചോദ്യം ചെയ്താൽ മാത്രം പോരെന്നും ഇതിന് പിന്നിലെ വമ്പൻ സ്രാവുകളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ദേവസ്വം മന്ത്രിയായിരുന്ന കടകംപിള്ളിയുടെ കാലത്താണ് മോഷണം നടന്നത്. മന്ത്രിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും അറിയാതെ ഇത്രയും വലിയൊരു കൊള്ള നടക്കില്ല. കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. കൊള്ളയുടെ കണ്ണികൾ വിദേശത്താണെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത സി പി എം സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട് പരിഹാസ്യമാണെന്നും ചെന്നിത്തല കൂട്ടിചേർത്തു.കർണാടകയിലെ വഖഫ് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. അവിടെ എന്ത് ചെയ്യണമെന്ന് കർണാടക സർക്കാരിന് അറിയാം. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന സർക്കാരാണ് പിണറായിയുടേത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാൻ സി പി എം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.