നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

Wait 5 sec.

രണ്ടരമണിക്കൂറുളള ഒരു ചിത്രത്തെ അഞ്ച് മിനിറ്റുളള സ്നിപ്പെറ്റില്‍ വിലയിരുത്തുന്നത് ശരിയല്ലെന്ന് റാപ്പ‍ർ ഡബ്സി. ഒരു ആർട്ടിസ്റ്റ് എന്തുചെയ്യുന്നുവെന്നുളളതെല്ലാം പൊതുജനം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നരമണിക്കൂർ ദൈർഘ്യമുളള പരിപാടിയെ അഞ്ച് മിനിറ്റുകൊണ്ട് വിലയിരുത്തരുതെന്നും ഡബ്സി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായതെല്ലാം താന്‍ മാത്രമാണ് അനുഭവിച്ചത്.അത് ഇനി പറഞ്ഞതുകൊണ്ട് തനിക്ക് പ്രയോജനമൊന്നുമില്ല. നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ,ഇറക്കവും കയറ്റവുമുണ്ടാകും. 3 വർഷത്തിനിടെ 250 ഓളം പരിപാടികള്‍ ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷമുളള ആദ്യ പരിപാടി ദുബായിലായതില്‍ സന്തോഷമുണ്ട്. 2026 ല്‍ പുതുമകള്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും ഡബ്സി പറഞ്ഞു. ഡിസംബർ 31 ന് ദുബായില്‍ നടക്കുന്ന സൗത്ത് കാര്‍ണിവല്‍ ദുബായ് 2025 പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഡബ്സി ദുബായിലെത്തിയത്. ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ സിലിക്കണ്‍ ഒയാസിലെ റാഡിസണ്‍ റെഡ് ഹോട്ടലിലാണ് കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയില്‍ സൗത്ത് കാര്‍ണിവല്‍ നടക്കുന്നത്. ഡ‍ബ്സിയെ കൂടാതെ ജാസി ഗിഫ്റ്റ്, തിരുമാലി, ബേബി ജീന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. എമിറേറ്റ്സ് ഐഡിയുളള, 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം.