പുതിയ കാലത്തിന്റെ, പുതിയ തൊഴില്‍ മേഖലയാണ് ഗിഗ് തൊഴിലുകള്‍. ലളിതമായി പറഞ്ഞാല്‍ ഓണ്‍ലൈന്‍ ഡെലിവറി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ നീളുന്ന, വ്യവസ്ഥാപിതമായ രൂപമില്ലാത്ത തൊഴില്‍ മേഖല. ഒരുപക്ഷേ ഒരേ തൊഴിലെടുക്കുന്നവര്‍ക്ക് പോലും പരസ്പരം അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാനോ അവക്ക് പരിഹാരം കാണാനോ കഴിയാത്ത ഒരു മേഖല. ഇവിടെ തൊഴിലുടമ അദൃശ്യനാണ്. അഥവാ വ്യക്തികളല്ല, ഒരു സംവിധാനമാണ് തൊഴിലാളികളെ നിയന്ത്രിക്കുന്നത്. തൊഴിലാളികളെ അവര്‍ വിളിക്കുന്നത് പാര്‍ട്‌നര്‍മാരെന്നാണ്. അതായത് തൊഴില്‍ ചെയ്യുന്നവരുടെ ഐഡന്റിറ്റി പോലും കോര്‍പറേറ്റ് സംവിധാനത്തിന് മുന്നില്‍ മറ്റൊന്നായി മാറുന്നു. ആ മേഖലയില്‍ ക്രിസ്തുമസ് ദിനത്തിലും പുതുവത്സരത്തലേന്നും ഒരു സമരം നടന്നു. ഗിഗ് തൊഴിലാളികള്‍ ക്രിസ്തുമസ് ദിനത്തില്‍ സൂചനാ പണിമുടക്കും ഡിസംബര്‍ 31ന് രാജ്യവ്യാപകമായി പണിമുടക്കും നടത്തി. ന്യൂ ഇയര്‍ ദിവസം ലഭിക്കുമായിരുന്ന കോടികളുടെ ഓര്‍ഡറുകളെ ബാധിച്ച ആ സമരത്തിന് ഒടുവില്‍ കൂലിയില്‍ വര്‍ദ്ധനവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. എങ്കിലും ജോലി സുരക്ഷയോ ആരോഗ്യ സുരക്ഷയോ ഇല്ലാത്ത ഈ മേഖലയിലെ വലിയൊരു ശതമാനം തൊഴിലാളികള്‍ അസംഘടിതരാണ് എന്നത് അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് വളരെ വേഗത്തിലുള്ള സേവനമാണ്. പത്ത് മിനിറ്റില്‍ ഓര്‍ഡറുകള്‍ ഉപഭോക്താവിന് അരികില്‍ എത്തിയിരിക്കണം. ഈ ജോലിക്കായി പ്രാണന്‍ കയ്യില്‍ പിടിച്ചുകൊണ്ട് പാഞ്ഞ് എത്തിയാലും കുറഞ്ഞ വേതനവും ഇന്‍സെന്റീവുകളുമാണ് ലഭിക്കുന്നതെന്നും അതില്‍ പരിഹാരം വേണമെന്നുമായിരുന്നു സമരത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം. പീക്ക് ടൈമില്‍ അമിത ജോലിഭാരം അനുഭവിക്കേണ്ടി വരാറുണ്ടെന്നും പത്ത് മിനിറ്റ് മോഡല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. തൊഴില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പില്ലാത്ത ജോലി സാഹചര്യത്തില്‍ ന്യായമായ വേതനവും സുരക്ഷയും നല്‍കണമെന്നതാണ് അവരുടെ ആവശ്യം. നിരന്തരം ഉന്നയിച്ച ഈ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാതെ വന്നതോടെയാണ് അവര്‍ സമരത്തിലേക്ക് നീങ്ങിയത്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ്, തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. തൊഴിലാളിയുടെ ഡിവൈസിലേക്ക് വരുന്ന ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അവന്‍ ജോലി ചെയ്യുകയാണ്. ജോലിയുടെ അവസാനം അവന് പറഞ്ഞിരിക്കുന്ന കൂലി പോലും നിഷേധിക്കപ്പെടുന്ന അതിദാരുണമായ അവസ്ഥയാണ് പലപ്പോഴും. തന്റെ കുടുംബം പോറ്റാന്‍ വേണ്ടി ഏത് സാഹചര്യത്തിലും പണിയെടുക്കുകയും എന്നാല്‍ ആത്മാഭിമാനമുള്ള ഒരു തൊഴിലാളിയായി പരിഗണിക്കപ്പെടാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട് അവര്‍ക്ക്.രാജ്യത്തെ തൊഴിലാളി സംഘടനകള്‍ക്ക് പൂര്‍ണ്ണ തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരു മേഖല കൂടിയാണ് ഇത്. കേരളത്തില്‍ സിഐടിയു അടക്കം അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഗിഗ് മേഖലയില്‍ തൊഴിലാളികളുടെ പദവി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് സംഘടനകള്‍ക്ക് മുന്നിലും ഒരു കടമ്പയാണ്. തൊഴിലാളിയെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ഒരു തൊഴില്‍ മേഖലയാണ് ഇതെന്ന് കേരള ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍-സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് പദ്മന്‍ ദ ക്യുവിനോട് പറഞ്ഞു. തൊഴിലാളിയായി മാത്രമല്ല, മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാത്തവരാണ് ഗിഗ് മേഖലയിലെ വര്‍ക്കേഴ്‌സ്. ഈ കുപ്പായം അണിഞ്ഞവരെ മാറ്റിനിര്‍ത്തുന്ന അവസ്ഥയാണ് പലയിടത്തും ഉള്ളത്. ഇത് വിശന്നിരിക്കുന്നവന് അന്നമെത്തിക്കുന്ന ഡിവോട്ടഡായിട്ടുള്ള തൊഴില്‍ മേഖലയാണ്. അത് മഴയായാലും മഞ്ഞായാലും വെയിലായാലും ചെയ്യുന്നതാണ്. ഈ മാനേജ്‌മെന്റുകളില്‍ ഒരു മുതലാളിയെയും നമുക്ക് കാണാന്‍ പറ്റില്ല. തൊഴിലാളിയുടെ ഡിവൈസിലേക്ക് വരുന്ന ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അവന്‍ ജോലി ചെയ്യുകയാണ്. ജോലിയുടെ അവസാനം അവന് പറഞ്ഞിരിക്കുന്ന കൂലി പോലും നിഷേധിക്കപ്പെടുന്ന അതിദാരുണമായ അവസ്ഥയാണ് പലപ്പോഴും. തന്റെ കുടുംബം പോറ്റാന്‍ വേണ്ടി ഏത് സാഹചര്യത്തിലും പണിയെടുക്കുകയും എന്നാല്‍ ആത്മാഭിമാനമുള്ള ഒരു തൊഴിലാളിയായി പരിഗണിക്കപ്പെടാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട് അവര്‍ക്ക്. ഗിഗ് സമ്പദ് വ്യവസ്ഥയെന്നത് നാളെ ലോകത്തെ ഭരിക്കുന്ന വ്യവസ്ഥയായി മാറാന്‍ പോകുകയാണ്. ഇവിടെ തൊഴിലാളിയെ അടിമ സമാനമായി പരിഗണിച്ചുകൊണ്ട് തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉയര്‍ത്തിയ പോരാട്ടങ്ങളെ എല്ലാം വിസ്മരിക്കുന്ന രീതിയില്‍ വരികയാണ്. ഈയവസ്ഥയില്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് സിഐടിയുവിന്റെ നിലപാട്. ഗിഗ് മേഖലയില്‍ സിഐടിയും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. യാതൊരുവിധ പ്രൊട്ടക്ഷനും ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഈ മേഖലയില്‍ നിയമങ്ങളുണ്ട്. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടത് മാനേജ്‌മെന്റാണ്. തൊഴിലാളികള്‍ എന്നതില്‍ ഉപരിയായി പാര്‍ട്‌നര്‍മാര്‍ എന്ന തരത്തില്‍ അവരെ പരിഗണിക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് വേണ്ടിയാണെന്നും സുമേഷ് കൂട്ടിച്ചേര്‍ക്കുന്നു. ഗിഗ് തൊഴിലാളികളെ പാര്‍ട്‌നര്‍മാര്‍ എന്ന തരത്തില്‍ കണക്കാക്കുന്നത് ബോധപൂര്‍വ്വമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് വേണ്ടി, അവരുടെ നീതിയെ നിഷേധിക്കുന്നതിന് വേണ്ടിയുള്ള ഒരു സാങ്കേതിക പദം മാത്രമാണ് അത്. ഇതിന്റെ മറുവശം എന്താണെന്നാല്‍ അവന്‍ ധരിക്കുന്ന കുപ്പായവും ബാഗും അടക്കം, വാഹനവും അതില്‍ ഒഴിക്കുന്ന എണ്ണയും അടക്കം അവന്റെ കയ്യില്‍ നിന്നാണ് എടുക്കുന്നത്. ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ലാതെ ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കുക മാത്രമാണ് തൊഴിലുടമ ചെയ്യുന്നത്. തൊഴിലാളി ഇന്‍വെസ്റ്റ് ചെയ്ത് വരുന്നത് കൊണ്ട് പാര്‍ട്‌നേഴ്‌സ് എന്ന് വിളിക്കുന്നു. ടെക്‌നിക്കല്‍ ടേം ഉപയോഗിച്ചുകൊണ്ട് അവന്റെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇത്. ഇത് ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ വരെ നടക്കുന്നുണ്ട്. എല്ലാവരും മാനേജര്‍മാരാണ്. പതിനാറായിരം രൂപ വരെയാണ് ശമ്പളം. മിനിമം വേതനം പോലും ലഭിക്കുന്നില്ല. പരാതി ഉന്നയിക്കുമ്പോള്‍ അവര്‍ തൊഴിലാളികളല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ഫെബ്രുവരി 12ന് സിഐടിയു നടത്തുന്ന അഖിലേന്ത്യാ സമരത്തില്‍ ഗിഗ് വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ അടക്കം ഉന്നയിക്കുന്നുണ്ടെന്നും സുമേഷ് പറഞ്ഞു. തൊഴിലാളികള്‍ വെവ്വേറെയല്ല, തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി കണ്ടുകൊണ്ടാണ് ഞങ്ങള്‍ സമരം നടത്തുന്നത്. സിഐടിയുവാണ് കേരളത്തിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏക തൊഴിലാളി സംഘടനയെന്നും സുമേഷ് വ്യക്തമാക്കി. കടുത്ത ചൂഷണമാണ് ഗിഗ് മേഖലയില്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരന്‍ ദ ക്യുവിനോട് പ്രതികരിച്ചു. സമരത്തിന് ഐഎന്‍ടിയുസിയുടെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ സുരക്ഷിതരല്ല എന്നതാണ്. അസംഘടിത മേഖലയും സംഘടിത മേഖലയും ഒരേപോലെയാണ്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ ലിവിംഗ് വേജ് എന്നു പറഞ്ഞാല്‍ മാന്യമായ ജീവിതത്തിന് ഉള്ള കൂലിയും ആനുകൂല്യങ്ങളും ക്ഷേമപരിപാടികളും ആഫ്റ്റര്‍ റിട്ടയര്‍മെന്റ് പ്രോഗ്രാമുകളും ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെ കാലക്രമേണ കണ്ടുവരുന്ന ഒരു പ്രവണത, മനുഷ്യവിഭവശേഷി കൂടി വരികയും ആളുകള്‍ക്ക് വ്യവസ്ഥാപിതമായ തൊഴില്‍ ലഭ്യമല്ല എന്ന സ്ഥിതി വരികയുമാണ്. കടുത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ കടന്നുവന്നു. അവരുടെ മുതലാളി ആരാണെന്നു ഏത് കമ്പനിയാണെന്നും വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ക്ക് അറിയില്ല. ആളുകളുടെ ബുക്കിംഗ് അനുസരിച്ച് ഓടുന്നു, പിക്കപ്പ് ചെയ്യുന്നു, വിടുന്നു. അതിന് ഫീസ് വേറെയൊരാളാണ് മാ റുന്നത്. അതിന്റെ ചെറിയൊരു അംശം മാത്രമാണ് തൊഴിലാളിക്ക് ലഭ്യമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഗിഗ് വര്‍ക്കേഴ്‌സ്, പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് എന്ന് പറയുന്ന തൊഴില്‍ മേഖല വളരെ അശാസ്ത്രീയവും വളരെ അസംഘടിതവുമാണ്. അവര്‍ സംഘടിച്ചു നില്‍ക്കണം. ഒരു ശക്തമായ ട്രേഡ് യൂണിയന്‍ ബോധവല്‍ക്കരണമാണ് ഇവര്‍ക്ക് ആവശ്യം.തൊഴിലാളിക്ക് ജോലിക്കിടെ അപകടം പറ്റിയാല്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്. അതുപോലെ തന്നെയാണ് ഗിഗ് വര്‍ക്കേഴ്‌സിന്റെ, ഡെലിവറി ബോയ്‌സിന്റെ ഒരു അവസ്ഥ. അവര്‍ ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. അവര്‍ക്ക് വഴിയില്‍ വെച്ചു തന്നെ ഒരു ഓര്‍ഡര്‍ എടുത്തു. ആ സാധനം ഡെലിവറി ചെയ്തു. അത് കൊടുത്ത് തിരിച്ചു വരുമ്പോള്‍ തന്നെ അവര്‍ക്ക് ജോലിയുണ്ടോ എന്ന് ഉറപ്പില്ല. അതിനിടക്ക് ഒരു അപകടം പറ്റിയാല്‍ ആരും നോക്കാനില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഒരു ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി വളരേണ്ടതാണ്. കാരണം ഏതൊരു തൊഴില്‍ മേഖലയിലും സംഘടിതമായ ഒരു ശക്തിയുണ്ടെങ്കിലേ ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോല്പിക്കാന്‍ കഴിയൂ. എല്ലാവരും ആഗ്രഹിക്കുന്നത് കാലഘട്ടത്തിന് അനുസരിച്ച് മാന്യമായ ഒരു തൊഴില്‍, അതിന് മാന്യമായ ഒരു ശമ്പളം, മാന്യമായ ഒരു ആരോഗ്യപരിരക്ഷ, മാന്യമായ ഭവനം, മാന്യമായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം. ഇതൊക്കെ ലോകത്ത് എല്ലാ രാജ്യങ്ങളിലും കൊടുക്കണമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. അവിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും പോയി കയ്യൊപ്പ് വെച്ച് അംഗീകരിക്കുന്ന കാര്യങ്ങളാണ് നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നടപ്പാക്കാതെ പോകുന്നത്. യഥാര്‍ത്ഥത്തില്‍ ഗിഗ് വര്‍ക്കേഴ്‌സ്, പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് എന്ന് പറയുന്ന തൊഴില്‍ മേഖല വളരെ അശാസ്ത്രീയവും വളരെ അസംഘടിതവുമാണ്. അവര്‍ സംഘടിച്ചു നില്‍ക്കണം. ഒരു ശക്തമായ ട്രേഡ് യൂണിയന്‍ ബോധവല്‍ക്കരണമാണ് ഇവര്‍ക്ക് ആവശ്യം. പാവപ്പെട്ട കുട്ടികള്‍ ഒരു ഓര്‍ഡര്‍ എടുക്കുന്നു മരണപ്പാച്ചിലോടു കൂടി ആ ഓര്‍ഡര്‍ എത്തിച്ചുകൊടുക്കുന്നു. അവരുടെ മുതലാളി ആരാണെന്ന് അറിയില്ല, അവരുടെ തൊഴില്‍ സമയം അറിയില്ല, അപകടം പറ്റിയാല്‍ തിരിഞ്ഞു നോക്കാന്‍ ആളില്ല. ഒരു ഓര്‍ഡര്‍ പ്ലേസ് ചെയ്താല്‍ തുച്ഛമായ ഒരു വരുമാനമാണ് കിട്ടുന്നത്. ഇത് കടുത്ത ചൂഷണമാണ്. മനുഷ്യവിഭവശേഷി ഇതുപോലെ ദുര്‍ബലമാക്കുന്ന, ഇത്രയും വിലയില്ലാതാക്കുന്ന രാജ്യങ്ങള്‍ വളരെ കുറവാണ്. ഓരോ തൊഴില്‍മേഖലയ്ക്കും ലോകരാജ്യങ്ങള്‍ക്ക് എല്ലാം ആവശ്യമായ നിയമങ്ങള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ആണ് ഉണ്ടാക്കി ഐഎല്‍ഒ കണ്‍വെന്‍ഷനുകളാക്കി പുറപ്പെടുവിക്കുന്നത്. ഇന്ത്യയില്‍ അതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തുന്നില്ല, അത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നില്ല. ഇത് വളരെ ഹീനമായ മനുഷ്യദ്രോഹമാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നവര്‍ ആരും ഈ തൊഴിലാളികളെക്കുറിച്ച് ആലോചിക്കുന്നില്ല. ഇത് വല്ലാത്ത ദുരവസ്ഥയിലേക്ക് ഭാവിയില്‍ എത്തും. ഈ മേഖലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന തരത്തിലേക്ക് ഐഎല്‍ഒ പറയുന്നത് പോലെ മുതലാളിയുമായി ചര്‍ച്ച ചെയ്യാന്‍ നെഗോഷ്യേറ്റ് ചെയ്യാന്‍ ഒരു അവസരമുണ്ടാകണംം. അതിന് സൗകര്യമൊരുക്കേണ്ടത് ഗവണ്‍മെന്റുകളാണ്. ഗവണ്‍മെന്റുകള്‍ നോക്കുകുത്തികളായി നിന്നുകൊണ്ട് ആളുകളെ കച്ചവടത്തിന് എറിഞ്ഞു കൊടുക്കുന്ന സാഹചര്യം ഈ രാജ്യത്ത് വലിയ കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കും. അതുകൊണ്ട് ഇത്തരം മേഖലയിലെ തൊഴിലാളികള്‍ ജാഗ്രതയോടു കൂടി വ്യവസ്ഥാപിതമായി അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലാളി സംഘടനയില്‍ അംഗമാകണം. തൊഴിലാളി സംഘടനയെന്നത് രാജ്യത്തെ സ്തംഭിപ്പിക്കാനുള്ളതല്ല. ഉത്തരവാദിത്തത്തോടെ തൊഴില്‍ ചെയ്യിക്കാനുള്ള ഉറപ്പ് കൂടിയാണ് അത്. അതിനെയെല്ലാം ഞെക്കിക്കൊല്ലാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. വളര്‍ന്നു വരുന്ന തൊഴിലുകള്‍ ഇത്തരത്തില്‍ ചിതറിപ്പോകുന്നത് അപകടകരമാണ്. സമരം നടത്തുന്നത് ഏത് വിധത്തിലായാലും അതിന് ഐഎന്‍ടിയുസിയുടെ പിന്തുണയുണ്ട്. തൊഴില്‍ സമ്മര്‍ദ്ദവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത് പലപ്പോഴും ഐടി പോലെയുള്ള ജോലി മേഖലകളിലാണ്. ഇവിടെ അതേ പരാതി ഉയര്‍ത്തുന്നത് അടിസ്ഥാന തലത്തില്‍ ജോലി ചെയ്യുന്നവരാണ് എന്നതാണ് ഏറ്റവും വിചിത്രം. അവര്‍ സംഘടിതരല്ലാത്തതുകൊണ്ടു തന്നെ പരാതികള്‍ കാര്യമായി പരിഗണിക്കപ്പെടാത പോകുന്നു. ഷോക്ക് ട്രീറ്റ്‌മെന്റായി നടത്തുന്ന ഇത്തരം സമരങ്ങളിലൂടെ മാത്രമാണ് അവരുടെ ആവശ്യങ്ങള്‍ അല്‍പമെങ്കിലും പരിഗണിക്കപ്പെടുന്നത്.