യെലഹങ്ക ബുൾഡോസർരാജ്: വാക്ക് പാലിക്കാതെ കർണാടക സർക്കാർ; പതിമൂന്നാം ദിവസവും നൂറുകണക്കിന് മനുഷ്യർ പെരുവ‍ഴിയിൽ

Wait 5 sec.

യെലഹങ്കയിലെ ബുൾഡോസർരാജ് ഇരകളോട് വാഗ്ദാനം പാലിക്കാതെ കർണാടക സർക്കാർ. പുതുവർഷ ദിവസം യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ കൈമാറുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. 13 ആം ദിവസവും തകർത്തെറിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കഴിയുകയാണ് നൂറു കണക്കിന് മനുഷ്യർ. മുന്നറിയിപ്പില്ലാതെ ബുൾഡോസറുമായെത്തി ഫക്കീർ ലേ ഔട്ടിലും, വസീം ലേ ഔട്ടിലും ഇരുന്നൂറോളം വീടുകൾ തകർത്തെറിഞ്ഞ സംഭവം വിവാദമായപ്പോഴാണ് സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. അർഹരായവർക്ക് ബൈപ്പനഹള്ളിയിൽ ജനുവരി 1 മുതൽ വീട് കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം.എന്നാൽ വീട് എവിടെയാണ് നൽകുന്നത്, നൽകാനുള്ള വീടുകളുടെ നിർമാണം പൂർത്തിയായോ എന്നുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തതയില്ല. പുനരധിവാസം വാഗ്ദാനം മാത്രമായി അനന്തമായി നീളുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബുൾഡോസർ രാജ് നടപടിയിലൂടെയുണ്ടായ വിവാദത്തിൽ നിന്ന് തലയൂരാനുള്ള തന്ത്രം മാത്രമാണ് സർക്കാർ നടത്തിയ പുനരധിവാസ പ്രഖ്യാപനമെന്ന ആക്ഷേപമുയരുകയാണ്.ALSO READ; യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾപുനരധിവാസത്തിനായി അർഹരായവരെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ പോലും പൂർത്തിയായിട്ടില്ല. ഫക്കീർ ലേ ഔട്ടിലും, വസീം ലേഔട്ടിലും വർഷങ്ങളായി താമസിക്കുന്നവരിൽ പലരും പുനരധിവാസ പട്ടികയിൽ ഇല്ല. മുപ്പത് വർഷത്തോളമായി താമസിക്കുന്ന ജാഫറിൻ്റെ കുടുംബം രേഖകൾ സമർപ്പിച്ചിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജാഫറിന്റെ ഭാര്യ അസ്മ പറയുന്നു.തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യമെങ്കിലും ഒരുക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ശുചിമുറികളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ കഴിയുന്നത്. സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ സന്നദ്ധ സംഘടനകളുടെ സഹായത്തിലാണ് കഴിയുന്നത്.The post യെലഹങ്ക ബുൾഡോസർരാജ്: വാക്ക് പാലിക്കാതെ കർണാടക സർക്കാർ; പതിമൂന്നാം ദിവസവും നൂറുകണക്കിന് മനുഷ്യർ പെരുവ‍ഴിയിൽ appeared first on Kairali News | Kairali News Live.