ആരവല്ലിയില്‍ ആശ്വാസം

Wait 5 sec.

രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ കുറിച്ച് ഉത്കണ്ഠയുള്ള മനുഷ്യര്‍ നടത്തിയ ശക്തമായ പ്രതിരോധം ആദ്യം കേന്ദ്ര സര്‍ക്കാറിന്റെയും പിന്നീട് പരമോന്നത കോടതിയുടെയും കണ്ണുതുറപ്പിച്ചിരിക്കുന്നു. ചിന്താശേഷിയുള്ള മനുഷ്യര്‍ സത്യം പറഞ്ഞുകൊണ്ടേയിരുന്നാല്‍ ഏത് കുതന്ത്രക്കാരെയും ചെറുത്തുതോല്‍പ്പിക്കാനാകുമെന്ന് തെളിയിച്ച വിജയമാണ് ആരവല്ലി പര്‍വത നിരകളുടെ കാര്യത്തില്‍ സാധ്യമായത്. നിര്‍ണായക പാരിസ്ഥിതിക പ്രാധാന്യമുള്ള ആരവല്ലി കുന്നുകളില്‍ പുതിയ ഖനന അനുമതികള്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാറാണ് ആദ്യം നയപരമായ തിരുത്തല്‍ നടത്തിയത്. ഈ പര്‍വത മേഖലയെ വ്യാവസായിക വ്യാമോഹങ്ങള്‍ക്ക് തീറെഴുതുന്ന വിധിന്യായത്തിലൂടെ കൊടുംപാതകത്തിന് കൂട്ടുനിന്ന പരമോന്നത കോടതിയും ഇപ്പോള്‍ യു ടേണെടുത്തിരിക്കുന്നു.ആരവല്ലി മലനിരകള്‍ സംബന്ധിച്ച്, വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ പുതുക്കിയ നിര്‍വചനം സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നു. നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കൂവെന്ന പുതിയ നിര്‍വചനത്തിന് അനുമതി നല്‍കിയ കോടതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത തേടിയിരിക്കുന്നു. ചില ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ഉന്നയിച്ചിട്ടുമുണ്ട്. പുതിയ നിര്‍വചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറക്കുന്നതിന് കാരണമാകുന്നുണ്ടോ? ഈ നിര്‍വചനം വഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാകുന്നുണ്ടോ? കുന്നുകളുടെ ഉയരവും കുന്നുകള്‍ക്കിടയിലെ അകലവും സംബന്ധിച്ചും ഇവക്കിടയില്‍ ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതല്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. പരിസ്ഥിതി സ്‌നേഹികള്‍ കേള്‍ക്കാന്‍ കൊതിച്ച ചോദ്യങ്ങളാണിവ.ആരവല്ലി നിരകളുടെ പാരിസ്ഥിതിക തുടര്‍ച്ച എങ്ങനെ നിലനിർത്തുമെന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്. ആരവല്ലിയുടെ മാനദണ്ഡം മാറ്റിയതില്‍ പ്രതിഷേധം ശക്തമായതോടെ സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലായി 700 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതും ഉത്തരേന്ത്യയുടെ ‘ഹരിത ശ്വാസകോശ’മെന്ന് അറിയപ്പെടുന്നതുമായ ആരവല്ലി മലനിരകളുടെ ഭാവിയെച്ചൊല്ലി വലിയ ആശങ്കയുണര്‍ത്തിയ മുന്‍ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത് നവംബര്‍ ഇരുപതിനായിരുന്നു. ഈ വിധി മുന്നോട്ട് വെച്ച പുതിയ നിര്‍വചന പ്രകാരം തറനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരിക. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തില്‍പ്പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല. ആരവല്ലി കുന്നിനും മലനിരകള്‍ക്കുമേര്‍പ്പെടുത്തിയ കര്‍ശന ഖനനവിലക്ക് കുന്ന് അല്ലാത്തവക്ക് ബാധകമാക്കേണ്ടതില്ല.അങ്ങനെ വരുമ്പോള്‍ ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിര്‍വചന പരിധിക്ക് പുറത്താകും. അതോടെ ഖനന മാഫിയക്ക് വലിയ ചൂഷണത്തിന് അവസരമൊരുങ്ങുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളും ആഴത്തിലുള്ള പഠനങ്ങളും മുന്നറിയിപ്പുകളും വിദഗ്ധ റിപോര്‍ട്ടുകളും നിറഞ്ഞു. അക്കാദമിസ്റ്റുകളും ആക്ടിവിസ്റ്റുകളും സാധാരണക്കാരുമെല്ലാം ഈ വിഷയത്തില്‍ തങ്ങളുടെ നിലയില്‍ പ്രതിഷേധത്തിരയുയര്‍ത്തി. ഇതോടെയാണ് സ്വമേധയാ കേസെടുക്കാനും പുനര്‍ വിചിന്തനത്തിന് ഉത്തരവിടാനും സുപ്രീം കോടതി തയ്യാറായത്.ഥാര്‍ മരുഭൂമിയിലെ പൊടിക്കാറ്റില്‍ നിന്ന് രാജ്യതലസ്ഥാന മേഖലയെ സംരക്ഷിക്കുന്ന ഹരിതകവചം അപ്പാടെ തകര്‍ത്തെറിയപ്പെടുകയാകും ആരവല്ലി മേഖലയിലെ കടിഞ്ഞാണില്ലാത്ത ഖനനത്തിന്റെ ആത്യന്തിക ഫലം. ആരവല്ലിയുടെ കുന്നുകളേറെയും നൂറ് മീറ്ററില്‍ താഴെമാത്രമുള്ളവയാണ്. ഭൂരിഭാഗത്തിനും ഉയരം ശരാശരി 20 മീറ്റര്‍ വരെ. രാജസ്ഥാനില്‍ മാത്രം 1,16,753 കുന്നുകളുടെയും ഉയരം 100 മീറ്ററില്‍ താഴെയാണ്. 1.44 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരും ആകെ ആരവല്ലി വനമേഖല. ആരവല്ലിയുടെ തകർച്ച വലിയ കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും ഗുരുതരമായ വരള്‍ച്ചക്കും വഴിയൊരുക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആരവല്ലിയുടെ 35 ശതമാനം പ്രദേശവും തകര്‍ന്നതായി പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേലയെ മരുവത്കരണത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നത് ആരവല്ലി കുന്നുകളാണ്. ഭൂഗര്‍ഭജല നിരപ്പ് താഴാതെ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.രാജസ്ഥാനില്‍ ഏഴ് വര്‍ഷത്തിനിടെ 71,322 ഖനന കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കണക്ക്. ഇതില്‍ 40,175 കേസുകളും ആരവല്ലി ജില്ലകളില്‍ നിന്നാണ്. കുന്നിന്റെ ‘ഉയരം കുറയ്ക്കല്‍’ അട്ടിമറിയില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ പിന്തിരിപ്പിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കണക്ക് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതി നിയമങ്ങള്‍ക്കെല്ലാം പഴുതുകള്‍ കണ്ടെത്താന്‍ വമ്പന്‍ നിയമ വിദഗ്ധരുണ്ട് ഖനന ലോബികള്‍ക്ക്. ഉദ്യോഗസ്ഥരില്‍ നല്ല ശതമാനം ഇവരുടെ കീശയിലാണ്.സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി കൊടികുത്തി വാഴുന്ന ഈ രാജ്യത്ത് നീതിപീഠങ്ങള്‍ കൂടി വഴങ്ങിക്കൊടുക്കുന്ന സ്ഥിതി വന്നാല്‍ പിന്നെയെന്താണ് പ്രതീക്ഷ? ഏതായാലും തിരുത്താന്‍ സുപ്രീം കോടതി തയ്യാറാകുന്നുവെന്നത് ആശ്വാസകരമാണ്. കോടതിയുടെ മേൽനോട്ടത്തിൽ തുടർ നടപടികളും ചട്ടം കർക്കശമാക്കാനുള്ള നീക്കങ്ങളും നടക്കണം.