താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ചട്ടവിരുദ്ധം

Wait 5 sec.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ മേഖലയിലും പൊതുസമൂഹത്തിലും കടുത്ത വിമര്‍ശത്തിന് വിധേയമായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകള്‍, നഗര സഭകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.പി എസ് സി വഴിയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തി വരുന്നത്. യോഗ്യതയും സമവായ അവകാശവും ഉറപ്പാക്കുന്ന ഈ നിയമനമാണ് ശരിയായ രീതിയും നടപടിയും. ചില ഘട്ടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാറുണ്ടെങ്കിലും അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഇടക്കാല ക്രമീകരണങ്ങള്‍ മാത്രമായാണ് അതിനെ കണക്കാക്കുന്നത്.പിന്‍വാതില്‍ വഴി കയറിപ്പറ്റിയ ഇത്തരം ജീവനക്കാരെ മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്ഥിരമാക്കാറുണ്ടെങ്കിലും തീര്‍ത്തും നിയമവിരുദ്ധവും രാഷ്ട്രീയ അഴിമതിയുമാണത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളോടുള്ള വഞ്ചനയും കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധവുമാണ്.സാമൂഹിക നീതിയുടെ ഭാഷയില്‍ ഇത്തരം നിയമനങ്ങളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കാറുണ്ട്. സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവരാണ് താത്കാലിക ജീവനക്കാര്‍. വര്‍ഷങ്ങളായി കുറഞ്ഞ വേതനത്തിലും തൊഴില്‍ സുരക്ഷിതത്വമില്ലാതെയും ജോലി ചെയ്തു വന്ന ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്; അവരെ പിരിച്ചുവിടുന്നത് നീതികേടാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സാമൂഹിക നീതിയെന്നത് ഒരു വിഭാഗത്തിന്റെ മാത്രം അവകാശമല്ല. പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിനോട് അനീതി കാണിച്ചല്ല താത്കാലിക ജീവനക്കാരോട് നീതി കാണിക്കേണ്ടത്. മതിയായ യോഗ്യതയില്ലാതെ, രാഷ്ട്രീയ താത്പര്യത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ കയറിപ്പറ്റിയവരാണ് താത്കാലിക ജീവനക്കാരെന്ന കാര്യവും വിസ്മരിക്കരുത്. നിശ്ചിത യോഗ്യതയില്ലാത്തവരെ പരസ്യം നല്‍കാതെ ചുളുവിലൂടെ നിയമിച്ചാല്‍ അവര്‍ക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്. സര്‍ക്കാറിന്റെ മുന്‍ നിലപാടുകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും കടകവിരുദ്ധമാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍. 2006 ഫെബ്രുവരി രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ ഒരു വിജ്ഞാപനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണസ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനം പി എസ് സിക്ക് വിടണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. 2015ല്‍ കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കിയപ്പോള്‍, നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും താത്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനത്തിന് അവകാശമില്ലെന്നും കാണിച്ച് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. 2015 മേയ് 13നാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഇതേ കേസില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടപടി ഹൈക്കോടതി തടയുകയുമുണ്ടായി.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (നിയമത്തിനു മുന്നില്‍ തുല്യത), ആര്‍ട്ടിക്കിള്‍ 16 (തൊഴിലവസര സമത്വം) എന്നിവയുടെ ലംഘനമാണെന്ന് 2006ലെ ഉമാദേവി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചും വ്യക്തമാക്കി. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തേണ്ടതെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ താത്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.അതേസമയം ഉമാദേവി കേസാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാറുകള്‍ അവലംബിക്കുന്ന ന്യായീകരണമെന്നതാണ് വിരോധാഭാസം. കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ജോലി ചെയ്ത ചില ജീവനക്കാരുടെ നിയമനത്തെ കോടതി അന്ന് അംഗീകരിച്ചിരുന്നു. ഇതൊരു ഒറ്റത്തവണ ഇളവാണെന്നും ഭാവിയില്‍ ഈ ഇളവ് ചൂണ്ടിക്കാട്ടി താത്കാലിക ജീവനക്കാരെ സ്ഥിരമാക്കാന്‍ തുനിയരുതെന്നും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ കോടതി വിധി എന്നത്തേക്കും ബാധകമാണെന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഭരണ മേഖലയിലുള്ളവര്‍. 2006ലെ കോടതി ഇളവ് ഒറ്റത്തവണത്തേക്ക് മാത്രമാണെന്ന പരാമര്‍ശത്തിനു നേരെ അവര്‍ കണ്ണടക്കുന്നു.അഴിമതിയെന്നത് കേവലം പണമിടപാടില്‍ പരിമിതപ്പെടുത്തേണ്ടതല്ല. ഭരണഘടനാപരമായ തത്ത്വങ്ങള്‍ക്കും നിയമപരമായ സ്ഥാപിത സംവിധാനങ്ങള്‍ക്കും മുകളില്‍ രാഷ്ട്രീയ താത്പര്യം മേല്‍ക്കൈ നേടുന്നതും അഴിമതിയുടെ പരിധിയില്‍ വരും. ഇത്തരം പ്രവണതകളില്‍ നിന്ന് ഭരണകൂടങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും നിയമന കാര്യങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തുകയും വേണം. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് മത്സര പരീക്ഷകളെ അഭിമുഖീകരിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പി എസ് സിയുടെ ലിസ്റ്റില്‍ ഇടം നേടുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ യോഗ്യതക്കപ്പുറം രാഷ്ട്രീയ ബന്ധങ്ങള്‍ക്കാണ് പരിഗണനയെന്ന സ്ഥിതി വന്നു കഴിഞ്ഞാല്‍ അവരുടെ ആത്മവിശ്വാസം നഷ്ടമാകും. പി എസ് സി പോലുള്ള സ്ഥാപിത സംവിധാനങ്ങളെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്യും