വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ചികിത്സാപിഴവെന്ന് കുടുംബം; കേസെടുത്ത് പോലീസ്

Wait 5 sec.

എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ നോര്‍ത്ത് പറവൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ മാസം 24നായിരുന്നു രണ്ടാമത്തെ പ്രസവത്തിനായി കാവ്യമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകല്‍ 12.50നാണ് കുഞ്ഞുപിറന്നത്. പിന്നാലെ കാവ്യക്ക് അമിത രക്തസ്രാവമുണ്ടെന്നും രക്തസ്രാവം നില്‍ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് അനുസരിച്ച് കുടുംബം സമ്മതം നല്‍കി. വൈകിട്ട് നാലോടെ കാവ്യക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെ നില ഗുരുതരമായി. പിന്നാലെ ബുധനാഴ്ച വൈകിട്ട് യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും കാവ്യമോള്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും നല്‍കിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.