കാസര്‍കോട് | കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ദിശ നിര്‍ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളയാത്രക്ക് കാസര്‍കോട് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും സംഘടിത സമൂഹമായി അവരെ മുന്നോട്ടുനയിക്കുകയും ചെയ്ത സമസ്തയുടെ കര്‍മഫലങ്ങള്‍ ഇതര സമൂഹങ്ങള്‍ക്കും പല അര്‍ഥത്തില്‍ അനുഭവിക്കാനായി. ഈ നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സമസ്തയുടെയും അതിന്റെ പൂര്‍വമാതൃകകളുടെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇസ്‌ലാമിനെ കേരളീയര്‍ മനസ്സിലാക്കിയതും സ്വീകരിച്ചതും. അറേബ്യയില്‍ നിന്ന് വന്ന മാലിക് ഇബ്നു ദീനാറും സംഘവും സത്യസന്ധരും സത്സ്വഭാവികളുമായിരുന്നു. കാസര്‍കോടിന്റെ ചരിത്രം ആ സ്മരണകള്‍ കൂടി ഉള്‍വഹിക്കുന്നതാണ്. ഈ ഉത്തരദേശത്തിന് വെളിച്ചം കാട്ടിയ മാലിക് ദീനാര്‍ സഹവര്‍ത്തിത്വത്തിന്റെയും നിര്‍മലമായ ആത്മീയതയുടെയും പൈതൃകമാണ് ഓര്‍മപ്പെടുത്തുന്നത്. ഇവിടുത്തെ ഭരണാധികാരികള്‍ സ്നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റത്.ഇസ്‌ലാം സ്നേഹമാണ് ഉദ്ഘോഷിക്കുന്നത്. ലോകത്ത് എല്ലാ മതസ്ഥര്‍ക്കും ജീവിക്കാനും സ്വന്തം ആദര്‍ശം മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എല്ലാവരുമായും നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന കൈവിട്ടുപോകാന്‍ പാടില്ല. സ്വസ്ഥജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനുമാണ് പ്രവാചകര്‍ ഓര്‍മപ്പെടുത്തിയത്.സമസ്തയുടെ ഒരു നൂറ്റാണ്ട് അവിസ്മരണീയമാക്കാന്‍ വിപുലമായ കര്‍മപദ്ധതികളാണ് നടക്കുന്നത്. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായ ജാമിഅത്തുല്‍ ഹിന്ദ് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി. ജീവകാരുണ്യരംഗത്തും സമസ്ത ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കാന്തപുരം പറഞ്ഞു.മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യരുത്: റഹ്മത്തുല്ല സഖാഫിമതചിഹ്നങ്ങളും ആരാധനാലയങ്ങളും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യരുതെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി.ബഹുസ്വരത നിലനിര്‍ത്തിയുള്ള ഭരണം മാത്രമേ ഇന്ത്യയില്‍ സാധ്യമാകൂ. നിരവധി വര്‍ഷം മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചിട്ടും രാജ്യത്ത് ഒരു സ്വാതന്ത്ര്യ സമരവും നടന്നിട്ടില്ല. ബഹുസ്വരത നിലനിര്‍ത്തിയാണ് മുസ്‌ലിം രാജാക്കന്മാര്‍ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.