കാസര്‍കോട് | താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ മഹിതമായ ഓര്‍മയില്‍ വിതുമ്പി കേരളയാത്രാ നായകരും നേതാക്കളും. കേരളയാത്രക്ക് മുന്നോടിയായി ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി മഖാമില്‍ നടന്ന സിയാറത്തിലാണ് ഓര്‍മകള്‍ നിറഞ്ഞത്. നീണ്ടകാലം സമസ്തക്ക് നെടുനായകത്വം വഹിച്ചപ്പോഴും കര്‍മം കൊണ്ട് താജുല്‍ ഉലമയുടെ തട്ടകമായിരുന്നു അത്.ആറ് പതിറ്റാണ്ടിലധികം ഉള്ളാളത്തെ മുദര്‍രിസും ഖാസിയുമായിരുന്നതിനാല്‍ ഈ നാടും തെക്കന്‍ കര്‍ണാടകയും എന്നും ആദരിക്കുന്ന വ്യക്തിയായിരുന്നു തങ്ങള്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. താജുല്‍ ഉലമ ഉള്ളാളത്തുകാരനാണെന്ന് കരുതിയവരും ഉണ്ടായിരുന്നു.ആദര്‍ശ പ്രസ്ഥാനത്തിന്റെ ഏത് പ്രധാന ജാഥയും, ഉള്ളാള്‍ മഖാം സിയാറത്ത് ചെയ്ത് താജുല്‍ ഉലമ പതാക കൈമാറിയശേഷം അദ്ദേഹത്തില്‍ നിന്ന് ആശീര്‍വാദം വാങ്ങിയാണ് തുടക്കം കുറിക്കാറുള്ളത്. ഒന്നാം കേരളയാത്രക്കും രണ്ടാം കേരള യാത്രക്കും പതാക കൈമാറിയത് ഉള്ളാള്‍ സയ്യിദ് മദനിയുടെ മഖാമില്‍ നിന്ന് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളായിരുന്നു. മര്‍കസ് സമ്മേളന സന്ദേശയാത്രകള്‍ ആരംഭിക്കാറുള്ളതും ഇവിടെനിന്നാണ്. താജുല്‍ ഉലമയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേരളയാത്രയാണ് പുറപ്പെട്ടിരിക്കുന്നത്.