അബൂദബി| ഭക്ഷ്യ-പാനീയ മേഖലയിലെ നിക്ഷേപത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ യു എ ഇ ഒന്നാമത്. അറബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ദമാൻ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അറബ് രാജ്യങ്ങൾ പരസ്പരം നടത്തുന്ന ഭക്ഷ്യ പദ്ധതികളിൽ 45 ശതമാനവും യു എ ഇയിലാണ്. കൂടാതെ, ആകെ നിക്ഷേപ ചെലവിന്റെ 58 ശതമാനവും യു എ ഇയുടെ സംഭാവനയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ, മൊറോക്കോ, ഖത്വർ എന്നീ അഞ്ച് രാജ്യങ്ങളിലേക്കാണ് 82 ശതമാനം വിദേശ പദ്ധതികളും എത്തിയത്. കഴിഞ്ഞ 22 വർഷത്തിനിടെ (2003-2024) മേഖലയിൽ 2,200 കോടി ഡോളറിന്റെ 516 വിദേശ പദ്ധതികളാണ് എത്തിയത്. ഇതിലൂടെ 93,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയത് സ്വിസ് കമ്പനിയായ നെസ്്ലെയും ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ചത് ഉക്രേനിയൻ കമ്പനിയായ നിബുലോണുമാണ്. ആഗോളതലത്തിൽ അമേരിക്കയാണ് മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപം ഇറക്കിയത്. 2025 അവസാനത്തോടെ അറബ് മേഖലയിലെ ഭക്ഷ്യ വിൽപ്പന 8.6 ശതമാനം വർധിച്ച് 43,000 കോടി ഡോളർ (430 ബില്യൺ) കടക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. 2029-ഓടെ ഇത് 56,000 കോടി ഡോളറാകും. മാംസം, കോഴി ഉത്പന്നങ്ങൾ എന്നിവക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്.