തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട് മേയറും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കത്തിൽ രൂക്ഷമായ പ്രതികരണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇലക്ട്രിക് ബസുകൾ വരുത്തുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ചും കോർപ്പറേഷൻ്റെ നിലപാടുകൾക്കുമുള്ള മറുപടി അദ്ദേഹം വിശദമായി വ്യക്തമാക്കി.ഇലക്ട്രിക് ബസുകളുടെ ടയറുകൾ വേഗത്തിൽ തേഞ്ഞുപോകുന്നതും ഇതിൻ്റെ പരിപാലനം വലിയ ബുദ്ധിമുട്ടേറിയ കാര്യവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. താൻ ചുമതലയേൽക്കുമ്പോൾ പല ബസുകളും ചാർജിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഓടാൻ സാധിച്ചിരുന്നുള്ളൂ. പിന്നീട് കമ്പനി അധികൃതരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഇപ്പോൾ 70 ശതമാനം വരെ ഓടിക്കാൻ സാധിക്കുന്നത്. എന്നാൽ അടുത്ത വർഷത്തോടെ ബാറ്ററി വീണ്ടും മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അഞ്ചാം വർഷം ബാറ്ററി മാറ്റണമെങ്കിൽ ഒരു വണ്ടിക്ക് ഏകദേശം 28 ലക്ഷം രൂപ ചെലവ് വരും. ഇതൊരു വലിയ നഷ്ടക്കച്ചവടമാണെന്ന് അദ്ദേഹം തുറന്നടിച്ചു.28 ലക്ഷം രൂപ മുടക്കിയാൽ ഒരു പുതിയ ഡീസൽ മിനി ബസ് വാങ്ങാൻ സാധിക്കുമെന്നിരിക്കെ ഒരു കോടി രൂപ വിലയുള്ള ഇലക്ട്രിക് ബസിന് 28 ലക്ഷം രൂപയുടെ ബാറ്ററി മാറ്റേണ്ടി വരുന്നത് സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോൾ വാങ്ങിയ ഐഷർ വണ്ടികൾക്ക് ശരാശരി 52 രൂപ വരെ കിലോമീറ്ററിന് വരുമാനം ലഭിക്കുന്നുണ്ട്.ഇലക്ട്രിക് ബസുകൾക്ക് കിലോമീറ്ററിന് ശരാശരി 42 രൂപയാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്. നേരത്തെ ഇത് 26 രൂപ മുതൽ 27 രൂപ വരെയായിരുന്നു. അതേസമയം ഗ്രാമപ്രദേശങ്ങളിൽ ഓടുന്ന ഡീസൽ മിനി ബസുകൾക്ക് 50 രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കി.നെടുമങ്ങാട്, പോത്തൻകോട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരില്ലെന്ന് പറയാൻ സർക്കാരിന് കഴിയില്ല. വിഷയത്തിൽ മേയർ തന്നോട് നേരിട്ട് സംസാരിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ മേയർ എഴുതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമുള്ള 113 ഇലക്ട്രിക് ബസുകളും കോർപ്പറേഷന് തിരികെ നൽകാൻ കെഎസ്ആർടിസി തയാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. വണ്ടികൾ കോർപ്പറേഷന് ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടുപോയി ഇടാമെന്നും പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ 150 വണ്ടികൾ പുറത്തുനിന്നും കൊണ്ടുവന്ന് സർവീസ് നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.കോർപ്പറേഷൻ അതിർത്തിയിലുള്ള കണിയാപുരം, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് വരുന്ന യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് മറ്റൊരു വണ്ടിയിൽ കയറാൻ പറയാൻ സാധിക്കില്ല. നെയ്യാറ്റിൻകരയിൽ നിന്നും വരുന്നവരെ കരമനയിലോ പാപ്പനംകോട്ടോ ഇറക്കിവിടാൻ കഴിയില്ല.കരാർ പ്രകാരം പീക്ക് സമയങ്ങളിൽ സിറ്റിക്കുള്ളിൽ സർവീസ് നടത്തിയ ശേഷം നഗരപ്രാന്തങ്ങളിലുള്ള യാത്രക്കാരെയും സിറ്റിയിലേക്ക് കൊണ്ടുവരാൻ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജിപിഎസ് നിരീക്ഷണം സ്മാർട്ട് സിറ്റി സിഇഒയുടെ ചുമതലയാണ്. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മേയർ ആവശ്യപ്പെട്ടാൽ വണ്ടികൾ തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.The post മേയർ എഴുതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ 113 ഇലക്ട്രിക് ബസുകളും കോർപ്പറേഷന് തിരികെ നൽകാം; വെല്ലുവിളിയുമായി മന്ത്രി ഗണേഷ് കുമാർ appeared first on ഇവാർത്ത | Evartha.