സന്നിധാനത്തും പതിനെട്ടാം പടിയിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക വരി വിപുലീകരിക്കണമെന്ന് ബാലാവകശ കമ്മിഷന്‍

Wait 5 sec.

ശബരിമല |  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ശബരിമല സന്ദര്‍ശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയാനാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ ബി മോഹന്‍കുമാര്‍, കെ കെ ഷാജു എന്നിവര്‍ സന്നിധാനം സന്ദര്‍ശിച്ചത്. ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ എ ഡി ജി ജി പി എസ്. ശ്രീജിത്ത് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീനിവാസ് എന്നിവരുമായി കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി.സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ സ്വീകരിച്ച വിവിധ നടപടികളില്‍ കമ്മീഷന്‍ തൃപ്തി അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താന്‍ അണിയിക്കുന്ന റിസ്റ്റ് ബാന്‍ഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.