ഇരുചക്ര വാഹനാപകടത്തില്‍ പരുക്കേറ്റ ഡോക്ടര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Wait 5 sec.

പത്തനംതിട്ട  | മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അയുര്‍വേദ ഡോക്ടര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ 1,00,24,674 നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഏഴംകുളം ഇന്ദിര ആയൂര്‍വേദ ക്ലിനിക്കിലെ ഡോക്ടറായ ഏഴംകുളം ചെളിക്കുഴി വട്ടയത്ത് ഡോ.ആര്‍. സജിതക്കാണ് ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനി ഈ തുക നഷ്ടപരിഹാരമായി നല്‍കേണ്ട്. 2015 ജൂലൈ 31നുണ്ടായ അപകടത്തില്‍ ഡോക്ടര്‍ക്ക് തലക്ക് പരുക്കേറ്റിരുന്നു. കലഞ്ഞൂര്‍-ഇളമണ്ണൂര്‍ റോഡില്‍ മാവില ജങ്ഷന് സമീപമായിരുന്നു സംഭവം.തുടര്‍ന്ന് വാഹനാപകടത്തിന് കാരണമായ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷുര്‍ ചെയ്തിരുന്ന ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനിയെ എത്യകക്ഷിയാക്കി അഡ്വ. പ്രശാന്ത്. വി കുറുപ്പ് മുഖേന ഇവര്‍ പത്തനംതിട്ട എം.എ.സി.ടി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളിന്റെ അശ്രദ്ധയും അമിത വേഗതയും മൂലമാണ് അപകടമെന്ന് ഹരജിക്കാരി കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് 1,00,24,674 രൂപ ഹരജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ പത്തനംതിട്ട എം.എ.സി.ടി കോടതി ജഡ്ജി ബിനു.പി.എസ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുകയായി 58,55,000 രൂപയും കോടതി ചെലവായി4,12,274 രൂപയും പലിശയായി 37,57,400 രൂപയും ഉള്‍പ്പെടെയാണ് തുക.എതിര്‍കക്ഷിയായ ന്യൂ ഇന്‍ഡ്യ അന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹരജിക്കാരി യാത്ര ചെയ്ത വാഹനം ഓടിച്ചിരുന്ന ആളിനെ മാറ്റി പകരം സഹോദരന്‍ വാഹനം ഓടിച്ചിരുന്നതായും വരുത്തിയെന്നും ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനി വാദിച്ചു. എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം തള്ളിയ കോടതി നഷ്ടപരിഹാര തുക നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.