ചെൽസി പരിശീലകൻ എൻസോ മറേസ്ക പടിയിറങ്ങി

Wait 5 sec.

ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് എൻസോ മറേസ്ക പടിയിറങ്ങി. ക്ലബ് ബോർഡുമായുള്ള ബന്ധം പൂർണമായി തകരാറിലായതിനെ തുടർന്നാണ് ഇരുപക്ഷവും വേർപിരിയാൻ തീരുമാനിച്ചത്. ഇറ്റാലിയൻ പരിശീലകന് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കൂടുതൽ സമയം നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവവികാസങ്ങൾ അതിവേഗം മാറുകയായിരുന്നു.മത്സരങ്ങൾക്കിടയിലെ എൻസോയുടെ തന്ത്രപരമായ തീരുമാനങ്ങളിൽ നേരത്തെ തന്നെ അതൃപ്തി ഉയർന്നിരുന്നെങ്കിലും , മൈതാനത്തിന് പുറത്തുള്ള മറേസ്കയുടെ പെരുമാറ്റമാണ് ബോർഡിനെ കൂടുതൽ അസ്വസ്ഥരാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 13ന് എവർട്ടണിനെതിരായ ജയത്തിന് ശേഷം ക്ലബ്ബിൽ തന്റെ “ഏറ്റവും മോശമായ 48 മണിക്കൂർ” അനുഭവിച്ചുവെന്ന മറേസ്കയുടെ ദുരൂഹ പരാമർശങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. “ചെൽസി ഫുട്ബോൾ ക്ലബ്ബും ഹെഡ് കോച്ച് എൻസോ മറേസ്കയും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞിരിക്കുന്നു,” ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെൽസി യുവേഫ കോൺഫറൻസ് ലീഗും ഫിഫ ക്ലബ് ലോകകപ്പും നേടിയതും ക്ലബ് പ്രത്യേകം ഓർമ്മിപ്പിച്ചു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉൾപ്പെടെ നിർണായക ലക്ഷ്യങ്ങൾ മുന്നിലുള്ളതിനാൽ, ഈ മാറ്റം ടീമിന് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് ചെൽസി.The post ചെൽസി പരിശീലകൻ എൻസോ മറേസ്ക പടിയിറങ്ങി appeared first on Kairali News | Kairali News Live.