‘ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍; എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല’

Wait 5 sec.

തിരുവനന്തപുരം |  ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അദ്ദേഹമല്ലല്ലോ ഞാന്‍. എന്റെ കാഴ്ചപ്പാടും നിലപാടും ഞാന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. അതില്‍ ആക്ഷേപമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.എല്‍ഡിഎഫിനോ അതിലെ പാര്‍ട്ടിക്കോ മാര്‍ക്കിടാനോ, തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല.വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകനെ വെള്ളാപ്പള്ളി വര്‍ഗീയവാദിയെന്ന് വിളിച്ച സംഭവത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇത്തരം പ്രതികരണങ്ങള്‍ കൊണ്ട് ഒരാള്‍ വലുതാകുമോ, ചെറുതാകുമോ എന്ന് എല്ലാവര്‍ക്കും ഊഹിക്കാന്‍ പറ്റും. അത് ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് അദ്ദേഹത്തിനും ബന്ധപ്പെട്ടവര്‍ക്കും ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ബിനോയ് വിശ്വം പറഞ്ഞു.്രശ്രീനാരായണ ഗുരുവിന്റെ എല്ലാ പൈതൃകത്തേയും കമ്യൂണിസ്റ്റ് പാര്‍ട്ടി ബഹുമാനിക്കുന്നുണ്ട്. കുമാരനാശാന്‍ മുതല്‍ ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയുടേത്. ആരായാലും ആ കസേരയില്‍ ഇരിക്കുന്നവര്‍ക്ക് ഇക്കാര്യം ഓര്‍മ്മ വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.